ഹൈദരാബാദിൽ പാകിസ്താനികൾ താമസിക്കുന്നു, വിഷയത്തിൽ ഇടപെടും -കേന്ദ്രമന്ത്രി

ഹൈദരാബാദ്: റോഹിങ്ക്യകളെ കൂടാതെ ഹൈദരാബാദിൽ കുറച്ച് പാകിസ്ഥാനികൾ താമസിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് ലഭിച്ചെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. സംഭവം പരിശോധിക്കും. നഗരത്തിൽ റോഹിങ്ക്യകളുടെ ഒരു കോളനി ഉണ്ടെന്നും അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'റോഹിങ്ക്യകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്. അവരുടെ ഒരു കോളനിയും ഉണ്ട്. പൊലീസ് പതിവായി നിരീക്ഷണം നടത്തുന്നു. ചില സ്ഥലങ്ങളിൽ അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചില പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കാലഹരണപ്പെട്ട പാാസ്പോർട്ടുമായി കുറച്ച് പാകിസ്ഥാനികളും ഇവിടെ താമസിക്കുന്നു' -റെഡ്ഡി വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടർ പട്ടികയിൽ പേരുള്ളവരും ഇല്ലാത്തവരുമായ റോഹിങ്ക്യകൾ ഉണ്ട്. അവരിൽ ചിലർക്ക് റേഷൻ കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ, മറ്റ് കേന്ദ്ര-സംസ്ഥാന ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു, കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. അന്വേഷണവും നടത്തും -റെഡ്ഡി പറഞ്ഞു.

അതേസമയം ഹൈദരാബാദിൽ പാകിസ്ഥാനികൾ ഉണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരവാദികളാണെന്ന് ജി.എച്ച്.എം.സി തെരഞ്ഞെടുപ്പ് പ്രചണത്തിനിടെ എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസി പറഞ്ഞിരുന്നു.

30,000-40,000 റോഹിങ്ക്യകളെങ്കിലും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി അതിൽ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണമെന്ന് ബി.ജെ.പിയെ നേരത്തേ ഉവൈസി വെല്ലുവിളിച്ചിരുന്നു. ഹൈദരാബാദിലെ മേയർ സ്ഥാനത്തേക്ക്​ ബി.ജെ.പി വിജയിച്ചാൽ റോഹിങ്ക്യകളേയും പാകിസ്​താനികളേയും പുറത്താക്കാനായി സർജിക്കൽ സ്​ട്രൈക്ക്​ നടപ്പാക്കുമെന്ന ബി.ജെ.പി തെലങ്കാന അധ്യക്ഷൻ​ സഞ്​ജയ്​ കുമാറിന് മറുപടിയായായിരുന്നു ഉവൈസിയുടെ പ്രതികരണം.

ഡിസംബർ ഒന്നിനാണ് ജി.എച്ച്.എം.സിയിലേക്കുള്ള തിരഞ്ഞെടുപ്പ്, 4 ന് വോട്ടെണ്ണും.

Tags:    
News Summary - Pakistanis living in Hyderabad, Centre looking into issue: MoS Kishan Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.