ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ അന്താരാഷ്ട്ര ഗൂഢാലോചന വെളിപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസിയും ജമ്മു കശ്മീർ പൊലീസും. ആക്രമണം നടത്തിയ ഭീകരർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികൾ ഇറക്കുമതി ചെയ്ത കൺസൈൻമെന്റുകളിൽ നിന്ന് ചോർത്തിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ആക്രമണത്തിന് ഉപയോഗിച്ച ആദ്യത്തെ ഫോൺ കറാച്ചി ആസ്ഥാനമായുള്ള 'ടെക് സിറാത്ത് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി 2021 ജനുവരി 1ന് പാകിസ്താനിലേക്ക് ഇറക്കുമതി ചെയ്തതാണ്. 'ഫൈസൽ ബാങ്ക്' വഴിയാണ് ഇതിന്റെ സാമ്പത്തിക ഇടപാടുകൾ നടന്നത്. രണ്ടാമത്തെ ഫോൺ 2023ൽ ലാഹോറിലെ 'എയർ ലിങ്ക് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്' ഇറക്കുമതി ചെയ്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
രണ്ട് ഫോണുകളും ഇറക്കുമതി ചെയ്തതു മുതൽ വർഷങ്ങളോളം പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് മാത്രമാണ് ഇവ ഓൺ ചെയ്തത്. ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരർക്ക് കൈമാറാൻ വേണ്ടി മാത്രമായി കൺസൈൻമെന്റുകളിൽ നിന്ന് ഈ ഫോണുകൾ മനഃപൂർവ്വം മാറ്റി സൂക്ഷിച്ചതാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരർ സാധാരണ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പകരം അത്യാധുനിക 'ലോങ് റേഞ്ച് റേഡിയോ' സംവിധാനങ്ങളാണ് ആശയവിനിമയത്തിന് ഉപയോഗിച്ചത്. അതിനാൽ കോൾ റെക്കോർഡുകൾ ലഭ്യമായിരുന്നില്ല.
ആക്രമണത്തിൽ ഫൈസൽ ബാങ്കിന് നേരിട്ട് പങ്കുള്ളതായി തെളിവുകളില്ല. എന്നാൽ, സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം ലഷ്കർ-ഇ-തൊയ്ബ അടക്കമുള്ള നിരോധിത സംഘടനകളുടെ അക്കൗണ്ടുകൾ ഈ ബാങ്കിൽ കൈകാര്യം ചെയ്തിരുന്നതായി 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തിരുന്നു.
ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നടത്തിയ വിശദമായ ഫോറൻസിക് പരിശോധനയിൽ ആക്രമണത്തിന്റെ കൃത്യമായ ആസൂത്രണ രേഖകൾ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ്, 2025 മാർച്ച് 30ന് ഭീകരർ ബൈസരൻ പ്രദേശത്ത് കൂടാരം കെട്ടി താമസിച്ച് നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും, പ്രദേശത്തിന്റെ മാപ്പുകളും, കൃത്യമായ ലൊക്കേഷൻ വിവരങ്ങളും ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരും പിന്നീട് 2025 ജൂലൈ 28ന് ദാച്ചിഗാം വനമേഖലയിലെ മുൽനാർ മഹാദേവിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഭീകരവാദത്തിന്റെ അന്താരാഷ്ട്ര ശൃംഖലയും ധനസഹായവും വെളിച്ചത്തുകൊണ്ടുവരുന്ന പുതിയ കണ്ടെത്തലുകൾ, വരും ദിവസങ്ങളിൽ കേസ് അന്വേഷണം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.