പട്ന: ബിഹാറിൽ മഹാഗഡ്ബന്ധൻ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. എൻ.ഡി.എ അധികാത്തിലെത്തുന്നത് തടയുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
ബിഹാറിലെ പാർട്ടിയുടെ തലവൻ അകതാരുൽ ഇമാൻ മഹാഗഡ്ബന്ധൻ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എൻ.ഡി.എയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനായി ഒരുമിച്ച് നിൽക്കാമെന്ന് അറിയിച്ചു. അവരെ അധികാരത്തിൽ നിന്നും മാറ്റുകയെന്നതാണ് മഹാഗഡ്ബന്ധനലിലുള്ള നേതാക്കളുടേയും ലക്ഷ്യമെന്ന് ഉവൈസി പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ ഉവൈസിയുടെ പാർട്ടിക്ക് സ്വാധീനമുണ്ട്. എന്നാൽ, 2022ലെ തെരഞ്ഞെടുപ്പിന് ശേഷം ഉവൈസിയുടെ നാല് എം.എൽ.എമാർ തേജസ്വി യാദവിന്റെ ആർ.ജെ.ഡിയിൽ ചേർന്നത് കനത്ത തിരിച്ചടിയായിരുന്നു.
സീമാഞ്ചലിൽ നിന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാണെന്നും ഉവൈസി പറഞ്ഞു. മഹാഗഡ്ബന്ധൻ സഹകരിക്കാൻ തയാറായില്ലെങ്കിൽ മാത്രമാവും ഇത്തരത്തിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് മത്സരിക്കുക. നേരത്തെ ബിഹാറിൽ വോട്ടർപട്ടികക്കെതിരെ ഉവൈസി വിമർശനം ഉന്നയിച്ചിരുന്നു. നിയമപരമായി അതിനെ ചോദ്യം ചെയ്യുമെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.