അസദുദ്ദീൻ ഉവൈസി
ഡൽഹി മസ്ജിദ് വിഷയത്തിൽ ഇടപെടണം; ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനോട് ഉവൈസി
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ റേസ് കോഴ്സ് മസ്ജിദ് പൊളിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. മസ്ജിദിന്റെ സംരക്ഷണത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു അടിയന്തരമായി ഇടപെടണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. ഏകദേശം അഞ്ച് പതിറ്റാണ്ടായി ഗസറ്റഡ് വഖഫ് പദവിയുള്ള പള്ളിയാണിതെന്നും, എന്നിട്ടും പൊളിക്കൽ നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനോ നിയമപരമായ അപ്പീൽ ഫയൽ ചെയ്യാനോ വഖഫ് ബോർഡ് തയാറായില്ലെന്നും ഉവൈസി എക്സിൽ കുറിച്ചു.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ട അധികാരികൾ കാണിച്ച അനാസ്ഥയും നിഷ്ക്രിയത്വവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വിമർശിച്ചു. നിലവിലുള്ളതും നിർദേശിക്കപ്പെട്ടതുമായ നിയമ ചട്ടക്കൂടുകൾ പ്രകാരം പോലും, വഖഫ് ബൈ യൂസർ' എന്ന തത്വമുൾപ്പെടെ, ഔദ്യോഗിക ഗസറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വത്തുക്കൾക്ക് നിയമപരമായ സംരക്ഷണം ഉണ്ടെന്നാണ് ഉവൈസി ചൂണ്ടിക്കാട്ടുന്നത്.
വ്യക്തമായ നിയമപരമായ പിന്തുണയുണ്ടായിട്ടും പ്രതിരോധിക്കാൻ ഒരു ശ്രമവും ഉണ്ടായില്ല. ഡൽഹി വഖഫ് ബോർഡിന് പൂർണ്ണമായ ഭരണസമിതി ഇല്ലാത്തതിനാൽ, ആത്യന്തികമായ ഭരണപരമായ ഉത്തരവാദിത്തം ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനാണെന്നും ഉവൈസി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രതികൂല നടപടികൾ നിർത്തിവെക്കാനും ചരിത്രപ്രസിദ്ധമായ ആരാധനാലയത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും കേന്ദ്രമന്ത്രി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘റേസ് കോഴ്സ് മസ്ജിദ് കേസിൽ കിരൺ റിജിജു അടിയന്തരമായി ഇടപെടേണ്ടതുണ്ട്. 1977 മുതൽ മസ്ജിദ് ഗസറ്റഡ് വഖഫ് സ്വത്താണെങ്കിലും, പൊളിക്കൽ ഉത്തരവിനെ വഖഫ് ബോർഡ് ചോദ്യം ചെയ്തില്ല. പ്രശ്നം പരിഹരിക്കാൻ ഒരു ശ്രമവും നടത്തിയില്ല എന്നാണ് ഉവൈസി പറഞ്ഞത്. പള്ളിയുടെ നിയമപരമായ പദവി എടുത്തുകാണിച്ചുകൊണ്ട് എ.ഐ.എം.ഐ.എം അധ്യക്ഷൻ പറഞ്ഞു, പള്ളിക്ക് നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം സംരക്ഷണമുണ്ട്.
വഖഫ് ഭേദഗതി നിയമം പോലും പള്ളിയെ സംരക്ഷിക്കുന്നു, കാരണം അത് വഖഫ് ബൈ യൂസർ ആണ്. മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അത്തരം എല്ലാ സ്വത്തുക്കൾക്കും സംരക്ഷണം തുടരും. പക്ഷേ എന്നിട്ടും ഒരു ശ്രമവും നടത്തിയില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട വഖഫ് ബോഡി ഇല്ലാത്തതിനെ ചൂണ്ടിക്കാട്ടി, ആത്യന്തിക ഉത്തരവാദിത്തം കേന്ദ്രമന്ത്രിക്കാണെന്നും, നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന് ബോർഡിന്റെ ഭരണകൂടത്തെ ഉവൈസി വിമർശിച്ചു.
‘2023 മുതൽ ഡൽഹി വഖഫ് ബോർഡ് രൂപീകരിച്ചിട്ടില്ലാത്തതിനാൽ വിഷയം പരിഹരിക്കേണ്ടത് മന്ത്രിയുടെ ജോലിയാണ്, എന്നാൽ ബോർഡിന്റെ സി.ഇ.ഒക്ക് ഇടപെടാമായിരുന്നു. അതും സംഭവിച്ചില്ല. ഡൽഹി നിയമസഭയിലെ ആം ആദ്മി എംഎൽഎയും മുൻ ഡൽഹി വഖഫ് ബോർഡ് ചെയർമാനുമായ അമാനത്തുല്ല ഖാന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.