ഡൽഹി പൊലീസിന്റെ നടപടി അനീതി; സിജെപിയെ പിന്തുണച്ച് അണ്ണാമലൈ
ചെന്നൈ: കോക്രോച്ച് ജനതാ പാർട്ടിയെ (സി.ജെ.പി) പിന്തുണച്ചും പാർട്ടി നേതാക്കൾക്കെതിരെയുള്ള ഡൽഹി പൊലീസിന്റെ നടപടിയെയും വിമർശിച്ചും മുൻ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ സംഘടനയ്ക്ക് അവകാശമുണ്ടെന്നും നേതാക്കളെ ജയിലിലടയ്ക്കുന്നത് അവരെ കൂടുതൽ ജനപ്രിയരാക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.ജെ.പിയുടെ എല്ലാ പ്രതിഷേധ രീതികളോടും യോജിക്കുന്നില്ലെങ്കിലും അവർ ഉന്നയിച്ച ചോദ്യങ്ങളെ താൻ പിന്തുണയ്ക്കുന്നുവെന്ന് അണ്ണാമലൈ കൂട്ടിച്ചേർത്തു.
"ഡൽഹി പൊലീസ് വലിയ അനീതിയാണ് കാണിക്കുന്നത്. അവരുടെ പ്രവർത്തികളോടോ പ്രതിഷേധ രീതിയോടോ ഞാൻ പൂർണമായി യോജിക്കുന്നില്ല. എന്നാൽ, ഉന്നയിക്കുന്ന ചോദ്യങ്ങളിൽ ഞാൻ സി.ജെ.പിയെ പൂർണമായി പിന്തുണക്കുന്നു. അവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത് അവരുടെ നേതാക്കളെ കൂടുതൽ ശക്തരാക്കുകയേ ഉള്ളൂ," അദ്ദേഹം പറഞ്ഞു.
സി.ജെ.പിക്കെതിരെ നടപടി എടുക്കുന്നതിന് പകരം അവർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉത്തരം നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. "എനിക്ക് അൽപ്പം ആശങ്കയുണ്ട്. ഡൽഹി പൊലീസ് നിയമം കൈയ്യിലെടുത്തതായും ജഡ്ജി ഒഴിഞ്ഞുമാറിയതായുമാണ് എനിക്ക് തോന്നുന്നത്. ഈ സംഘടന ഉന്നയിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളുടെ കാര്യത്തിൽ ഞാൻ പൂർണ്ണമായും സി.ജെ.പിക്ക് ഒപ്പമാണ്. സർക്കാരാണ് ഇതിന് മറുപടി പറയേണ്ടത്. നേതാക്കളെ ജയിലിൽ അടയ്ക്കുന്നത് അവരെ കൂടുതൽ ജനപ്രിയരാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ (എസ്.ഐ.ആർ) ചോദ്യം ചെയ്യാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എല്ലാ അവകാശവുമുണ്ടെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു."എസ്.ഐ.ആറിനെ ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധിക്ക് എല്ലാ അവകാശവുമുണ്ട്. എന്നാൽ അതുകാരണം സ്ഥാപനങ്ങൾക്ക് യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടാക്കരുത്."
ഒക്ടോബര്‍ 13നാണ് സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയതിനായിരുന്നു അറസ്റ്റ്. പ്രതിഷേധിക്കാനുള്ള ഇടങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിനെ ഒഴിവാക്കിയതിനെതിരെയാണ് സി.ജെ.പി മിന്നല്‍ സമരം നടത്തിയത്. കെട്ടിയടച്ച ജന്തര്‍ മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നായിരുന്നു ഇവരുടെ നേതൃത്വത്തിലെ പ്രതിഷേധം.
പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ നേതാക്കളെ മന്ദിര്‍ മാര്‍ഗിലെ സ്പെഷല്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. തിഹാര്‍ ജയിലിലേക്കാണ് മാറ്റിയ ഇവരുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അതേസമയം, കേസിൽ ജുഡീഷ്യൽ കസ്റ്റഡി നീട്ടാനുള്ള പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി ഇരുവരും പിൻവലിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.