‘എപ്സ്റ്റീനെ തനിച്ച് കണ്ടിട്ടില്ലെന്നല്ലേ പറഞ്ഞത്?’; ഹർദീപ് സിങ് പുരി കൂടിക്കാഴ്ചയുടെ ചിത്രം പുറത്ത്, പ്രതിപക്ഷ വിമർശനം
ന്യൂഡൽഹി: വിവാദ അമേരിക്കൻ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഹർദീപ് സിങ് പുരി മുൻപ് പറഞ്ഞ വാദങ്ങൾ വ്യാജമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കൾ, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിസഭയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.
യു.എസ് നീതിന്യായ വകുപ്പ് (ഡി.ഒ.ജെ) പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോൾ കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. മുൻ വിദേശകാര്യ ഉദ്യോഗസ്ഥനായ ഹർദീപ് സിങ് പുരി, ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ), ഇൻഡിപെൻഡന്റ് കമീഷൻ ഓൺ മൾട്ടി ലാറ്ററലിസം (ഐ.സി.എം) എന്നിവയുടെ പ്രതിനിധി സംഘത്തോടൊപ്പം 2014-നും 2017-നും ഇടയിൽ മൂന്ന്- നാല് തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു ഫെബ്രുവരിയിൽ നൽകിയ വിശദീകരണം. എന്നാൽ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ മന്ത്രിയുടെ വാദങ്ങൾ കള്ളമാണെന്ന് വ്യക്തമായതായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
മോദിയുടെ ദൂതനോ? എന്ത് സന്ദേശമാണ് കൈമാറിയത്: സഞ്ജയ് റാവത്ത്
ഹർദീപ് സിങ് പുരി എപ്സ്റ്റീനെ തനിച്ചാണ് കണ്ടതെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. "ഹർദീപ് സിങ് പുരി എപ്സ്റ്റീനെ ഒറ്റക്ക് കാണുമ്പോൾ ആരുടെ സന്ദേശമാണ് കൈമാറിയത്? ഇത് തുടക്കം മാത്രമാണ്. രാജ്യത്ത് ഭരണമാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു," റാവത്ത് സാമൂഹിക മാധ്യമമായ 'എക്സി'ൽ കുറിച്ചു.
ആർ.എസ്.എസിനും വലതുപക്ഷ രാഷ്ട്രീയത്തിനും സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലെന്നതിന്റെ തെളിവാണിതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. എപ്സ്റ്റീനുമായി ഒറ്റക്ക് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞതായും അവർ ചൂണ്ടിക്കാട്ടി.
രാജിവെക്കണം; വിശദീകരണം വേണമെന്ന് എൻ.സി.പിയും പ്രശാന്ത് ഭൂഷണും
വിഷയത്തിൽ പെട്രോളിയം മന്ത്രി ഉടൻ വിശദീകരണം നൽകണമെന്ന് എൻ.സി.പി (ശരദ് പവാർ വിഭാഗം) എം.പി അനീഷ് ഗവാണ്ടെ ആവശ്യപ്പെട്ടു. നയതന്ത്രപരമായ ആവശ്യങ്ങൾക്കായിരുന്നു കൂടിക്കാഴ്ച എന്ന് പറഞ്ഞ് കേന്ദ്രം രക്ഷപ്പെടാൻ ശ്രമിക്കുമെന്നും എന്നാൽ എന്ത് വിഷയമാണ് ചർച്ച ചെയ്തതെന്ന് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം അസത്യം പ്രചരിപ്പിക്കുന്ന മന്ത്രിയെ എന്തിനാണ് കേന്ദ്ര മന്ത്രിസഭയിൽ നിലനിർത്തുന്നതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചോദിച്ചു.
പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയുമായി നരേന്ദ്ര മോദിയുടെ ദൂതനായി മന്ത്രി നടത്തിയ കൂടിക്കാഴ്ചകളുടെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് മഹിളാ വിഭാഗം അധ്യക്ഷ അൽക്ക ലാംബയും ആവശ്യപ്പെട്ടു. പ്രതിഷേധം ഭയന്ന് ഹർദീപ് സിങ് പുരിയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് മോദി തീരുമാനിച്ചതായും അവർ ആരോപിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയായി ഫെബ്രുവരിയിൽ ഹർദീപ് സിങ് പുരി വാർത്താസമ്മേളനം വിളിച്ചിരുന്നു. ലിങ്ക്ഡ്ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാനുമായി ബന്ധപ്പെട്ട ഇ-മെയിൽ ആശയവിനിമയങ്ങൾ ഇന്ത്യയിലെ ഇന്റർനെറ്റ് അധിഷ്ഠിത ബിസിനസ് സാധ്യതകൾ ആരായുന്നതിന് മാത്രമായിരുന്നുവെന്നും എപ്സ്റ്റീനുമായി ഒരു ഇ-മെയിൽ സന്ദേശം മാത്രമേ അയച്ചിട്ടുള്ളൂ എന്നുമായിരുന്നു അന്ന് മന്ത്രി നൽകിയ വിശദീകരണം. എന്നാൽ പുതിയ തെളിവുകൾ പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ വലിയ നയതന്ത്ര-രാഷ്ട്രീയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.