പൊലീസുകാർ പൂസായി റോഡിൽ, തോക്ക് ഉപേക്ഷിച്ച നിലയിൽ; രണ്ട്പേർക്ക് സസ്പെൻഷൻ
റായ്പൂർ: ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ നിന്ന് ഔദ്യോഗിക ആവശ്യത്തിനായി എത്തിയ രണ്ട് പൊലീസുകാരുടെ ഗുരുതരമായ അശ്രദ്ധയും പെരുമാറ്റദൂഷ്യവും വലിയ വിവാദമായിരിക്കുകയാണ്. ദുർഗ് ജില്ലയിൽ നിന്നുള്ള അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രകാശ് എക്ക, കോൺസ്റ്റബിൾ ഋഷികാന്ത്ത്രിപാഠി എന്നിവരാണ് മദ്യലഹരിയിൽ പൊതുസ്ഥലത്ത് കിടക്കാനിടയായത്. തുടർന്ന് ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
തടവുകാരനായ വ്യക്തിയെ അംബികാപൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനുള്ള ഡ്യൂട്ടിക്കായി ഒക്ടോബർ 17-നാണ് പൊലീസുകാർ ദുർഗ്ഗിൽ നിന്നും പുറപ്പെട്ടത്. ഒക്ടോബർ 18-ഓടെ തടവുകാരനെ ജയിലിൽ ഹാജരാക്കിയ ശേഷം മടക്കയാത്രക്കായി ഇവർ അംബികാപൂർ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡരികിലെ ഒരു കടക്ക് മുന്നിൽ ഇരുവരും കടുത്ത മദ്യലഹരിയിൽ അവശരായി കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്.
ഏറ്റവും ഗൗരവകരമായ വിഷയം എ.എസ്.ഐയുടെ ഔദ്യോഗിക സർവീസ് തോക്കായ 'ഇന്‍സാസ് റൈഫിൾ' യാതൊരു സുരക്ഷയുമില്ലാതെ ഇവരുടെ അരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു എന്നതാണ്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആയുധത്തിന്റെ സുരക്ഷയെയും പൊലീസുകാരുടെ ഉത്തരവാദിത്തമില്ലായ്മയെയും ചോദ്യം ചെയ്ത് നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.
സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം ബസ് സ്റ്റാൻഡ് പൊലീസ് ഔട്ട്‌പോസ്റ്റിൽ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന തോക്ക് സുരക്ഷിതമായി കസ്റ്റഡിയിലെടുത്തു. തുടർന്ന് സർഗുജ എസ്.പി രാജേഷ് അഗർവാൾ വിവരം ദുർഗ് എസ്.പി വിജയ് അഗർവാളിനെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇരു പൊലീസുകാരെയും ഉടൻ തന്നെ സസ്പെൻഡ് ചെയ്ത് പൊലീസ് ലൈനിലേക്ക് മാറ്റുകയും ചെയ്തു. ഔദ്യോഗിക ഡ്യൂട്ടിക്കിടെ തോക്ക് സുരക്ഷിതമല്ലാതെ സൂക്ഷിച്ചതിലും മദ്യപിച്ചതിലും ഇവർക്കെതിരെ കർശനമായ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.