അഹമ്മദാബാദ്: 1947ലെ വിഭജനത്തിന് മുസ്‍ലീങ്ങളെ കുറ്റപ്പെടുത്തരുതെന്നും കോൺഗ്രസാണ് ഇതിന് ഉത്തരവാദികളെന്നും അഖിലേന്ത്യാ മജ് ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി പറഞ്ഞു. ഗുജറാത്തിലെ ലിംബായത്തിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മൗലാന അബുൽ കലാം ആസാദിന്റെ ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് ഇക്കാര്യം പറഞ്ഞത്.
വിഭജനത്തിന് മുസ്‍ലീങ്ങൾ ഉത്തരവാദികളല്ല. വിഭജനത്തിന് ഉത്തരവാദികൾ കോൺഗ്രസ് ആണ്. ഗാന്ധിയെയും നെഹ്‌റുവിനെയും സമീപിച്ച് ഇന്ത്യയെ വിഭജിക്കാൻ അനുവദിക്കരുതെന്ന് ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന പുസ്തകത്തിൽ മൗലാന ആസാദ് അവരോട് അഭ്യർഥിച്ചതായി എഴുതിയിട്ടുണ്ടെന്നും ഉവൈസി പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ ‘ബി ടീം’ ആണ് എ.ഐ.എം.ഐ.എമ്മെന്ന കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും വാദത്തെ അദ്ദേഹം തള്ളി. 11 സീറ്റുകളിൽ മത്സരിക്കാനുള്ള തന്റെ പാർട്ടിയുടെ തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ഞങ്ങൾ മത്സരിക്കുമ്പോൾ ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്നാണ് ചിലർ പറയുന്നത്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് 294 സീറ്റുകളിൽ മത്സരിക്കുന്നു.
ടി.എം.സിയും ഇത്ര സീറ്റിലുണ്ട്. ഇടതുമുന്നണി 250 സീറ്റുകളിലും രംഗത്തുണ്ട്. ഉവൈസിയുടെ പാർട്ടി 11 സീറ്റുകളിലും ബി.ജെ.പി 294 സീറ്റുകളിലും മത്സരിക്കുന്നു. 11 എണ്ണം മറന്ന് 270 സീറ്റുകൾ നേടി ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ഇവർ ചെയ്യേണ്ടതെന്നും ഉവൈസി പറഞ്ഞു.
ഭരണഘടനയുടെ പരിധിക്കുള്ളിൽനിന്ന് ബി.ജെ.പിയെ തടയാൻ എ.ഐ.എം.ഐ.എമ്മിന് മാത്രമേ സാധിക്കുകയൊള്ളുവെന്നും അദേഹം വ്യക്തമാക്കി.
നേരത്തെ, അസൻസോളിൽ ടി.എം.സി.യെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ലക്ഷ്യമിട്ട് അദ്ദേഹം സംസാരിച്ചിരുന്നു. ബംഗാളിൽ ബി.ജെ.പി ശക്തമാണെങ്കിൽ ടി.എം.സിയും മമത ബാനർജിയുമാണ് അതിന് ഉത്തരവാദികൾ. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ ഭരണഘടനക്കും മുസ്‍ലിങ്ങൾക്കും വരുത്തുന്ന നാശനഷ്ടങ്ങൾപോലെ ടി.എം.സിയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണ്. മുസ്‍ലീങ്ങൾ കൂടുതലുള്ള ബംഗാളിലെ ബ്ലോക്കുകളിൽ സ്കൂളുളും ആശുപത്രികളുമില്ല. ആശുപത്രി ഉണ്ടെങ്കിൽ കിടക്കകളും കിടക്കകളുണ്ടെങ്കിൽ ഡോക്ടർമാരു ഇല്ല. ആ പ്രദേശങ്ങളിൽ ആളുകൾക്ക് ശുദ്ധജലം പോലും ലഭ്യമല്ല. കർഷകർക്ക് ഒരു സഹായവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.