അസദുദ്ദീൻ ഉവൈസി,ചന്ദ്രശേഖർ ആസാദ്

യു.പിയിൽ സഖ്യം പ്രഖ്യാപിച്ച് ഉവൈസിയും ആസാദും, 'സാമാജിക് പരിവർത്തൻ മോർച്ച'; മുഖ്യമന്ത്രി സ്ഥാനാർഥിയിലും തീരുമാനം

ലഖ്‌നോ: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും (കാൻഷിറാം). 'സാമാജിക് പരിവർത്തൻ മോർച്ച' (എസ്‌പിഎം) എന്നാണ് സഖ്യത്തിന്‍റെ പേര്. ലഖ്‌നോവിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇരു പാർട്ടികളും സഖ്യപ്രഖ്യാപനം നടത്തിയത്.

സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചന്ദ്രശേഖർ ആസാദിനെയും തീരുമാനിച്ചു. ബിജെപിയെ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നത് തടയുകയും സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ബദൽ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് ഉവൈസി പറഞ്ഞു.

ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവരുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് സഖ്യം മുൻഗണന നൽകുക. വിദ്യാഭ്യാസം, യുവാക്കളുടെ തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ എന്നിവയും പ്രധാന വിഷയങ്ങളായി ഉയർത്തും.

പുതിയ സഖ്യം മൂന്നാം മുന്നണിയല്ലെന്നും സാമൂഹിക മാറ്റത്തിനായുള്ള രാഷ്ട്രീയ വേദിയാണെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ഇതുവരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്നാക്ക വിഭാഗങ്ങളെ വോട്ടുബാങ്കുകളായി മാത്രമാണ് പരിഗണിച്ചതെന്നും അവരുടെ ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ തയാറാണെങ്കിൽ സമാജ്‌വാദി പാർട്ടി, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്കും സഖ്യത്തിൽ ചേരാമെന്നും ആസാദ് വ്യക്തമാക്കി. നവംബർ 26ന് നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാൻ ഉവൈസി ജനങ്ങളോട് ആഹ്വാനം ചെയ്തു.

‘ചന്ദ്രശേഖർ ആസാദിനെ ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയമായും ആശയപരമായും സത്യസന്ധത പുലർത്തുന്ന ശക്തമായ സഖ്യമാണിതെന്ന് ഉവൈസി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിലേക്കാണ് മത്സരം.

എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് സഖ്യത്തിന്റെ തീരുമാനം. സർക്കാർ രൂപീകരിക്കാൻ 202 സീറ്റുകളുടെ ഭൂരിപക്ഷമാണ് വേണ്ടത്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിർണായക നീക്കമായാണ് പുതിയ സഖ്യത്തെ വിലയിരുത്തുന്നത്. സംസ്ഥാനത്തെ മുസ്‌ലിം, ദലിത് വോട്ടുകൾ ഏകീകരിക്കുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം.

ഉത്തർപ്രദേശിലെ ജനസംഖ്യയിൽ ഏകദേശം 20 ശതമാനം മുസ്‌ലിംകളും 21 ശതമാനത്തോളം ദലിതുകളുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ സഖ്യത്തിന് എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുമെന്നത് ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ശ്രദ്ധേയമാകും.

Tags:    
News Summary - Owaisi and Azad Form Alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.