സോണിയ ഗാന്ധിയുടെ ആത്മകഥ സിനിമയാകുന്നു; പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് ജഗ്ഗ റെഡ്ഡി

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' തെലുങ്ക് സിനിമയാക്കുമെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടി.പി.സി.സി) വർക്കിങ് പ്രസിഡന്റ് ജഗ്ഗ റെഡ്ഡി. സോണിയ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും പ്രമേയമാക്കിയായിരിക്കും സിനിമയെന്നും അദ്ദേഹം അറിയിച്ചു.

സംഗറെഡ്ഡിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ നിർമാണത്തിനായി മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരും സാമ്പത്തിക സഹായം നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കൺവീനർ ജുലകാന്തി അഞ്ജനേയുലു രണ്ട് കോടി രൂപ സംഭാവന പ്രഖ്യാപിച്ചു.

സിനിമയുടെ നിർമാണം ആരംഭിക്കുന്നതിനായി 50 അംഗ സമിതി രൂപീകരിക്കാനാണ് ജഗ്ഗ റെഡ്ഡിയുടെ നിർദേശം. ഗാന്ധി ഭവൻ പബ്ലിക് റിലേഷൻസ് ഓഫീസർ ഹരിപ്രസാദിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ. നല്ലൊരു സംവിധായകനെ കണ്ടെത്തി ആവശ്യമായ ബജറ്റ് സമാഹരിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

തയാറെടുപ്പുകൾ പൂർത്തിയായാൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ടി.പി.സി.സി അധ്യക്ഷൻ മഹേഷ് കുമാർ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണത്തിന് തുടക്കം കുറിക്കുമെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു. സോണിയയുടെ ആത്മകഥയുടെ പകർപ്പുകൾ വാങ്ങി പ്രവർത്തകർക്കിടയിൽ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

സോണിയ ഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളായിരിക്കും സിനിമയിൽ അവതരിപ്പിക്കുക. ഇന്ദിരാഗാന്ധിയുടെ മരുമകൾ, രാജീവ് ഗാന്ധിയുടെ ഭാര്യ, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മാതാവ് എന്നീ നിലകളിലുള്ള ജീവിതവും രാഷ്ട്രീയ പ്രവേശനവും സിനിമയുടെ ഭാഗമാകും.

ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തെത്തുടർന്ന് കുടുംബം നേരിട്ട ദുരന്തങ്ങളും അതിനുശേഷം സോണിയ അനുഭവിച്ച പ്രയാസങ്ങളും മക്കളെ വളർത്തിയതുമെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തുമെന്ന് ജഗ്ഗ റെഡ്ഡി വ്യക്തമാക്കി. ഇന്ത്യയുടെ വൈവിധ്യമാർന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ സോണിയ സ്വന്തമായ വ്യക്തിത്വം രൂപപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പദത്തോട് സോണിയ ഗാന്ധിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും ജഗ്ഗ റെഡ്ഡി അവകാശപ്പെട്ടു. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോഴും യു.പി.എ അധികാരത്തിലെത്തിയപ്പോഴും ആ പദവി ഏറ്റെടുക്കാൻ സോണിയ തയാറായില്ല. പകരം മൻമോഹൻ സിങ്ങിന് അവസരം നൽകിയത് അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ചരിത്രപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോണിയ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽ ഗാന്ധി എന്നിവരുടെ ആശയങ്ങളാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപപ്പെടുന്നതിന് പിന്നിലെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു. ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും രാഹുൽ ഗാന്ധി ആ പദവിയിലെത്തണമെന്നാണ് സോണിയയുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sonia Gandhi's autobiography 'Belonging: A Journey of Love' to be adapted into Telugu film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.