അരവിന്ദ് കെജ്‌രിവാൾ

കെജ്‌രിവാളിന് വധഭീഷണി; ഏഴുകോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് സന്ദേശം

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ ഏഴുകോടി രൂപ ആവശ്യപ്പെട്ടാണ് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്.

പണം നൽകിയില്ലെങ്കിൽ കെജ്‌രിവാളിനെയും മകൾ ഹർഷിത കെജ്‌രിവാളിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡൽഹി പൊലീസ് അറിയിച്ചു.

തിലക് നഗർ എംഎൽഎ ജർണൈൽ സിങ്ങാണ് ഭീഷണിയുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. വിദേശബന്ധമുള്ള കുറ്റകൃത്യസംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാളിൽനിന്ന് ഫോൺ കോളും വാട്ട്‌സ്ആപ്പ് സന്ദേശവും ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

നവംബർ ആറിന് നടന്ന സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണം സൈബർ ക്രൈം വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സുനിൽ കുമാറിന് കൈമാറി.

ഭീഷണിക്കായി ഉപയോഗിച്ച മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട കോൾ റെക്കോഡുകൾ, ഇന്റർനെറ്റ് പ്രോട്ടോക്കോൾ ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്.

കെജ്‌രിവാളിനും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ജർണൈൽ സിങ് ആവശ്യപ്പെട്ടു. അതിനിടെ, ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പ്രവർത്തനങ്ങളും വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ സംഘത്തിന്റെ പേര് നേരത്തെയും ഉയർന്നുവന്നിട്ടുണ്ട്.

ഗോൾഡി ബ്രാർ ഉൾപ്പെടെയുള്ള വിദേശത്തുള്ള കുറ്റവാളികളുമായി ചേർന്ന് ജയിലിൽനിന്ന് ബിഷ്‌ണോയി കുറ്റകൃത്യ ശൃംഖല നിയന്ത്രിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഗുണ്ടകളെയുമായി ചേർന്നാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.

Tags:    
News Summary - Arvind Kejriwal Receives Death Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.