ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മൂന്നര വയസ്സുകാരിയുടെ തല കുത്തിപ്പൊട്ടിച്ച നിലയിൽ; പൂണെയിൽ ആളിക്കത്തി ജന രോഷം

പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ മൂന്നര വയസ്സുകാരിയെ 65കാരൻ ക്രൂര ബലാത്സംഗത്തിരയാക്കി കൊലപ്പെടുത്തി ചാണകക്കുഴിയിൽ കുഴിച്ചിട്ട സംഭവത്തിൽ പൊതുജന രോഷം ആളിക്കത്തി. പ്രതിഷേധം നസ്രാപൂർ ഗ്രാമത്തിൽ നിന്ന് പൂണെ-സതാര ഹൈവേയിലേക്കും വ്യാപിക്കുകയായിരുന്നു. അത്യന്തം മൃഗീയമായാണ് പ്രതി മൂന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയത്. ക്രൂരബലാത്സംഗത്തിരയാക്കിയ ശേഷം മുഖത്ത് കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം ചാണകക്കൂമ്പാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹത്തിൽ തല പൊട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നസ്രാപൂർ ഗ്രാമത്തിൽ കുത്തിയിരിപ്പ് സമരമായി ആരംഭിച്ച പ്രതിഷേധം പിന്നീട് ശക്തമായി. സമരക്കാർ തിരക്കേറിയ ഹൈവേ ഉപരോധിച്ചു. ഇത് സംഘർഷത്തിനിടയാക്കി. ഇത് വലിയ ഗതാഗത തടസ്സത്തിന് കാരണമായി.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിയോടെയാണ് നസ്രാപൂർ ഗ്രാമത്തിലെ മൂന്നര വയസ്സുള്ള പെൺകുട്ടിയെ കാണാതായത്. ഏറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെത്തുടർന്ന് കുടുംബം ഭോർ താലൂക്കിലെ രാജ്ഗഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പശുക്കിടാവിനെ കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പശുത്തൊഴുത്തിലേക്ക് കൊണ്ടുപോയ പ്രതി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം മുഖത്ത് കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി ചാണകക്കുഴിയിൽ ഒളിപ്പിച്ചു.

ഒരു വീട്ടിലെ സി.സി.ടി.വിയിൽ നിന്ന് പ്രതിയുടെയും കുട്ടിയുടെയും ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം പുരോഗമിച്ചത്. രാത്രി 7.30ന് പശുത്തൊഴുത്തിലെ ചാണകക്കൂമ്പാരത്തിൽ തല പൊട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിക്ക് 1998ലും 2015ലും പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസുകൾ ഉണ്ട്.

കേസ് വിചാരണ അതിവേഗ കോടതിയിലാക്കുന്നത് പരിഗണിക്കുമെന്ന് ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. പ്രതിക്കെതിരെ വധശിക്ഷ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. "ഇത് അപലപനീയവും ദാരുണവുമായ സംഭവമാണ്. പ്രതിയെ അറസ്റ്റ് ചെയ്തു. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നൽകണമെന്ന് ഹൈക്കോടതിയോട് അഭ്യർഥിക്കുന്നു, കോടതിയിൽ വധശിക്ഷ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടും," ഫഡ്‌നാവിസ് പറഞ്ഞു.

Tags:    
News Summary - Outrage over minor’s assault, murder in Pune district; CM assures fast-track trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.