മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് റെയിൽവെ സ്റ്റേഷന്‍റെ പേര് മാറ്റി, ഇനി ധാരാശിവ്

മുംബൈ: മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് ധാരാശിവ് എന്നാക്കി മാറ്റി ഇന്ത്യൻ റെയിൽവെ. ഉസ്മാനാബാദ് നഗരത്തിന്‍റെയും ജില്ലയുടെയും പേര് മഹാരാഷ്ട്ര സർക്കാർ ധാരാശിവ് എന്ന് മാറ്റിയതിന് പിന്നാലെയാണ് റെയിൽവെ സ്റ്റേഷന്‍റെയും പേര് മാറ്റിയിരിക്കുന്നത്.

ഉസ്മാനാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് ധാരാശിവ് റെയിൽവേ സ്റ്റേഷൻ എന്നാക്കി മാറ്റുന്നതിന്‍റെ പശ്ചാത്തലത്തിൽ മേയ് 31ന് രാത്രി 11:45 മുതൽ ജൂൺ ഒന്നിന് പുലർച്ചെ 1:30 വരെ മുംബൈ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പി.ആർ.എസ്) താൽക്കാലികമായി നിർത്തിവെക്കും. സോളാപൂർ ഡിവിഷനിലെ ഒസ്മാനാബാദ് സ്റ്റേഷന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ ഏപ്രിൽ 25ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്റ്റേഷന്‍റെ സംഖ്യാ കോഡ് (01527246) മാറ്റമില്ലാതെ തുടരും, സ്റ്റേഷൻ കോഡ് ഇനീഷ്യലുകൾ ഇപ്പോൾ 'UMD' ൽ നിന്ന് 'DRSV' ആയി അപ്ഡേറ്റ് ചെയ്യും. ധാരാശിവ് എന്ന പുതിയ പേര് മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കും.

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളായ ഔറംഗബാദിന്റെയും ഉസ്മാനബാദിന്റെയും പേരുമാറ്റം നേരത്തെ ബോംബെ ഹൈകോടതി ശരിവച്ചിരുന്നു. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ നടപടി കോടതി അംഗീകരിച്ചത്.

2022 ജൂണിൽ ഉദ്ധവ് താക്കറെ സർക്കാരാണ് തങ്ങളുടെ അവസാന കാബിനറ്റ് മീറ്റിങ്ങിൽ രണ്ട് നഗരങ്ങളുടെയും പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. പിന്നീട് അധികാരത്തിലേറിയ ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ സംഭാജിനഗറിന് മുന്നിൽ ഛത്രപതി കൂട്ടിച്ചേർത്തു. 2024 ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രണ്ട് നഗരങ്ങളുടെയും പേരുമാറ്റത്തിന് അംഗീകാരം നൽകി. ഇരുപതാം നൂറ്റാണ്ടിൽ ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ചിരുന്ന ഭരണാധികാരിയുടെ പേരിലാണ് ഉസ്മാനാബാദ് എന്ന പേര് നൽകിയിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.