ചിഹ്ന തർക്കത്തിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിന് മുമ്പ് നിയമസഭ സമ്മേളനം വിളിച്ച് ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗവുമായി തർക്കം നിലനിൽക്കെ നിയമസഭ സമ്മേളനം വിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഒരേയൊരു ശിവസേനയേ ഉള്ളുവെന്നും എല്ലാവരും കൂടെ നിൽക്കണമെന്നും  ചീഫ് വിപ്പ് ഭരത് ഗോഗവാലെ പറഞ്ഞു.

പാർട്ടിയുടെ പേരും ചിഹ്നവും ഞങ്ങൾക്കുണ്ട്. എല്ലാവരും കൂടെയുണ്ടാവണമെന്നും തങ്ങൾ പറയുന്നത് അനുസരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അല്ലാത്തപക്ഷം അവരെ എന്ത് ചെയ്യണമെന്ന് രണ്ടാഴ്ച കഴിഞ്ഞ് തീരുമാനിക്കുമെന്നും ഗോഗവാലെ പറഞ്ഞു. ചീഫ് വിപ്പിന്റെ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന നേതാക്കൾക്കെതിരെ രണ്ടാഴ്ച്ചത്തേക്ക് നടപടിയെടുക്കില്ലെന്ന് ശിവസേന ഇന്നലെ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.

ഇപ്പോൾ ആർക്കെതിരെയും നടപടിയെടുക്കില്ല. എല്ലാവരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് മാത്രമാണ് ആവശ്യം. താക്കറെ വിഭാഗത്തിലുള്ള നിരവധി എം.എൽ.എ.മാർ ഷിൻഡെ പക്ഷത്ത് ചേരാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അവർ ഞങ്ങളുടെ അടുത്തേക്ക് വരുന്നതിനായി കാത്തിരിക്കുക‍യാണ്. സർക്കാർ ഇന്നോ നാളെയോ വീഴുമെന്ന് ആദിത്യ താക്കറെ ദിവസേന അവകാശപ്പെടുന്നു. എന്നാൽ യാഥാർഥ്യം അതല്ല. ഷിൻഡെ സർക്കാർ ഏഴ് മാസമായി സംസ്ഥാനം ഭരിക്കുന്നു. സർക്കാർ തകരില്ലെന്ന് ശരദ് പവാർ പോലും ഉദ്ധവ് താക്കറെയോട് പറഞ്ഞിട്ടുണ്ട്. അതിനാൽ എല്ലാവരും ഞങ്ങൾക്കൊപ്പം ചേരും"- ഗോഗവാലെ പറഞ്ഞു.

ശിവസേനയുടെ പാർട്ടി ചിഹ്നവും പേരും ഷിൻഡെ പക്ഷത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിധിക്കെതിരെ ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിന് മുമ്പ് തന്നെ നിയമസഭ സമ്മേളനം വിളിച്ച ഷിൻഡെ എല്ലാ പാർട്ടി നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - "Only One Shiv Sena": Team Shinde's Move Ahead Of Supreme Court Hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.