ബംഗളൂരു: കർണാടകയിൽ ഓൺലെൻ, ഓഫ് ലൈൻ ടാക്സി സർവിസ് നിരക്ക് ഏകീകരിച്ചു. ശനിയാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയ ഗതാഗത വകുപ്പ്, പുതിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ വന്നതായി വ്യക്തമാക്കി. ഇതോടെ ആപ് ഉപയോഗിച്ച് സർവിസ് നടത്തുന്ന ഊബർ, ഒല, നമ്മ യാത്രി പോലെയുള്ള ഓൺലൈൻ ടാക്സികളുടെയും സാധാരണ സർവിസ് നടത്തുന്ന ടാക്സികളുടെയും യാത്രാനിരക്ക് ഒന്നാവും. കർണാടക സംസ്ഥാനത്ത് മുഴുവൻ പുതിയ ഉത്തരവ് ബാധകമാണെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
മുമ്പ് ഓൺലൈൻ ടാക്സികളുടെയും ഓഫ്ലൈൻ ടാക്സികളുടെയും യാത്രാ നിരക്കിൽ വ്യത്യാസമുണ്ടായിരുന്നു. ഓൺലൈൻ ടാക്സികൾക്ക് പ്രിയമേറിയതോടെ ഓഫ്ലൈൻ ടാക്സികൾക്ക് സർവിസുകൾ കുറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പലതവണ ടാക്സി തൊഴിലാളി യൂനിയനുകൾ സമരം നടത്തുകയും സർക്കാറിന് നിവേദനം നൽകുകയും ചെയ്തിരുന്നു.
എല്ലാ തരം ടാക്സികളുടെയും നിരക്ക് ഏകീകരിക്കണമെന്നായിരുന്നു ആവശ്യം. ഇതാണ് ഇപ്പോൾ നടപ്പായത്. നേരത്തെ രണ്ടു കാറ്റഗറികളിലായാണ് ടാക്സി നിരക്ക് നിശ്ചയിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം, വാഹനത്തിന്റെ വില കണക്കിലെടുത്ത് ഇത് മൂന്നു കാറ്റഗറികളിലേക്ക് മാറും. 10 ലക്ഷത്തിന് താഴെ വിലയുള്ള വാഹനങ്ങൾ ഒരു കാറ്റഗറിയിലാണുള്ളത്. ഇവക്ക് മിനിമം നിരക്കായി 100 രൂപ നിശ്ചയിച്ചു. നാലു കിലോമീറ്റർ വരെ ഈ നിരക്കാണ് ഈടാക്കുക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 24 രൂപ വീതം ഈടാക്കും.
10 ലക്ഷം മുതൽ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങളാണ് രണ്ടാം കാറ്റഗറിയിൽ ഉൾപ്പെടുക. ഇവക്ക് 115 രൂപയാണ് മിനിമം നിരക്ക്. നാലുകിലോമീറ്റർ വരെ ഇതേ ചാർജ് ഈടാക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 28 രൂപയും നൽകണം. 15 ലക്ഷത്തിന് മുകളിൽ വിലവരുന്ന വാഹനങ്ങൾക്ക് നാലു കിലോമീറ്ററിന് ചുരുങ്ങിയത് 130 രൂപയാണ് നിരക്ക്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 32 രൂപ വീതം അധികം നൽകണം. നിശ്ചയിച്ച നിരക്കിൽ അധികതുക ഒരു ടാക്സി സർവിസുകാരും ഈടാക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
ടാക്സികളുടെ വെയിറ്റിങ് ചാർജും നിശ്ചയിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റ് വരെ വെയിറ്റിങ് ചാർജ് സൗജന്യമാണ്. പിന്നീടുള്ള ഓരോ മിനിറ്റിനും ഓരോ രൂപ വീതം യാത്രക്കാരൻ അധികം നൽകണം. ഇതിനു പുറമെ, ആപ് അടിസ്ഥാനത്തിലുള്ള ഓൺലൈൻ ടാക്സികൾക്ക് അഞ്ചു ശതമാനം ജി.എസ്.ടി തുക യാത്രക്കാരനിൽനിന്ന് ഈടാക്കാം.
ടോൾ പ്ലാസ വഴി കടന്നുപോകുന്നുണ്ടെങ്കിൽ ടോൾ ചാർജും ഈടാക്കാം. അർധരാത്രി 12 മുതൽ പുലർച്ച ആറുവരെയുള്ള സമയത്ത് ടാക്സി ബുക്ക് ചെയ്യുന്നവരിൽനിന്ന് 10 ശതമാനം അധിക ചാർജും ഈടാക്കാമെന്ന് ഗതാഗത വകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.