ബംഗാൾ തെരഞ്ഞെടുപ്പ്: 'സിങ്കം' ഓഫീസറെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ജോയന്റ് ബി.ഡി.ഒയെ സ്ഥലം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട ജോയിന്റ് ബി.ഡി.ഒയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലം മാറ്റി. സ്പെഷ്യൽ പൊലീസ് ഒബ്‌സർവർ അജയ് പാൽ ശർമയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

ഫാൽട്ട ജോയിന്റ് ബി.ഡി.ഒ സൗരവ് ഹസ്രയെ പുരുളിയയിലേക്കാണ് മാറ്റിയത്. രമ്യ ഭട്ടാചാര്യയാണ് പുതിയ ബി.ഡി.ഒ.

ഇതിന് പുറമെ സൗത്ത് 24 പർഗാനാസ്, ബീർഭൂം എന്നിവിടങ്ങളിലെ രണ്ട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമാരെയും തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെയുള്ള കർക്കശ നിലപാടുകളിലൂടെ 'സിങ്കം' എന്ന വിളിപ്പേരുള്ള ഉത്തർപ്രദേശ് കേഡർ ഐ.പി.എസ് ഓഫീസർ അജയ് പാൽ ശർമയുടെ നീക്കങ്ങളാണ് തൃണമൂലിനെ ചൊടിപ്പിച്ചത്. ഫാൽത്ത മണ്ഡലത്തിലെ ടി.എം.സി സ്ഥാനാർഥി ജഹാംഗീർ ഖാന്റെ അനുയായികൾ വോട്ടർമാരുടെ ഐ.ഡി കാർഡുകൾ പിടിച്ചെടുക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതി ലഭിച്ചതിനെ തുടർന്ന് അജയ് പാൽ ശർമ നേരിട്ട് ഖാന്റെ വീട്ടിലെത്തി മുന്നറിയിപ്പ് നൽകിയിരുന്നു.

ഓഫിസറുടെ മുന്നറിയിപ്പിന് പിന്നാലെ ജഹാംഗീർ ഖാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് ബംഗാളാണ്, അദ്ദേഹം 'സിങ്കം' ആണെങ്കിൽ, ഞാൻ 'പുഷ്പ'യാണ്. ഇവിടെ ഒരു ഭീഷണിയും നടക്കില്ല," എന്നായിരുന്നു ഖാന്റെ പ്രതികരണം. 'പുഷ്പ' സിനിമയിലെ നായകന്റെ വിട്ടുകൊടുക്കാത്ത സ്വഭാവത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ പരാമർശം. പിന്നീട് ഒബ്‌സർവർ എത്തിയ ഇടങ്ങളിലെല്ലാം 'ഗോ ബാക്ക്' വിളികളുമായും 'ജയ് ബംഗ്ലാ' മുദ്രാവാക്യങ്ങളുമായും തൃണമൂൽ പ്രവർത്തകർ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥൻ പരിധി ലംഘിക്കുന്നുവെന്നും പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്നും പാർട്ടി ആരോപിച്ചു.

ഒബ്‌സർവറുടെ പ്രവർത്തനങ്ങളുമായി ജോയിന്റ് ബി.ഡി.ഒ സഹകരിച്ചില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ മാറ്റം. എന്നാൽ ഇതൊരു സാധാരണ സ്ഥലം മാറ്റമാണെന്നാണ് ഔദ്യോഗിക വിശദീകരണം. അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഫാൽട്ട അതീവ സെൻസിറ്റീവ് മേഖലയായാണ് കമ്മീഷൻ കണക്കാക്കുന്നത്. വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് 'ഉചിതമായ ചികിത്സ' നൽകുമെന്ന് അജയ് പാൽ ശർമ മുന്നറിയിപ്പ് നൽകുന്ന വിഡിയോയും ഇതിനിടെ പുറത്തുവന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് മേഖലയിൽ വൻതോതിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - Poll Body Transfers Bengal Election Official After 'Singham' Officer Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.