വിരമിച്ചതിന് ശേഷമുള്ള ജഡ്ജിമാരുടെ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: വിരമിച്ചതിന് ശേഷമുള്ള ജഡ്ജിമാരുടെ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. ഡൽഹി ബിൽ ചർച്ച ചെയ്യുന്നതിനിടെ, ഭരണഘടനയുടെ അടിസ്ഥാനഘടനാ സിദ്ധാന്തം സംവാദാത്മകമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പരാമർശിച്ചതിനോടാണ് ചന്ദ്രചൂഡിന്റെ പ്രതികരണം. പ്രസ്താവന വിവാദമാകുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യത്തിലെ പ്രതികരണം.

സുപ്രീംകോടതിയിൽ ഒരു കേസിന്റെ വാദത്തിനിടെ, മുൻ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലാണ്, ഗൊഗോയിയുടെ പരാമർശം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നാഷനൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോൺ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയ രീതി നീതിപൂർവകമല്ലെന്ന് സിബൽ വാദിച്ചു. ഇതിനിടെയാണ്, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പ്രസ്താവന കപിൽ സിബൽ സുപ്രീം കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്.

ഇപ്പോൾ നമ്മുടെ ബഹുമാന്യനായ ഒരു സഹപ്രവർത്തകൻ പറയുന്നത്, ഭരണഘടനയുടെ അടിസ്ഥാനഘടനാ സിദ്ധാന്തം സംവാദാത്മകമാണെന്നാണ്. ഗൊഗോയിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി കപിൽ സിബൽ പറഞ്ഞു. അതേസമയം, രഞ്ജൻ ഗൊഗോയിയെ ‘നമ്മുടെ സഹപ്രവർത്തകൻ’ എന്ന് വിശേഷിപ്പിച്ച സിബലിനെ ചീഫ് ജസ്റ്റിസ് ഉടൻതന്നെ തിരുത്തി.

മിസ്റ്റർ സിബൽ, ഒരാളെ സഹപ്രവർത്തകൻ എന്നു വിശേഷിപ്പിക്കുമ്പോൾ, അദ്ദേഹം നിലവിൽ ജഡ്ജിയായിരിക്കണം. ഒരിക്കൽ ഈ സ്ഥാനത്തുനിന്ന് മാറിക്കഴിഞ്ഞാൽ, നാം പറയുന്നതെല്ലാം വ്യക്തിപരമായ അഭിപ്രായം മാത്രമായിരിക്കും. അതല്ലാതെ, അതിന് യാതൊരു നിയമസാധുതയുമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags:    
News Summary - "Once We Cease To Be Judges...": Chief Justice On Ranjan Gogoi's Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.