ന്യൂഡൽഹി: സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാലിനെ ഡൽഹി ഹൈകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം നിർദേശം കേന്ദ്ര സർക്കാർ നിരന്തരം തിരിച്ചയക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ലൈംഗികാഭിമുഖ്യം വ്യക്തമാക്കിയതും, സൗരഭ് കൃപാലിന്‍റെ പങ്കാളി സ്വിസ് പൗരനാണെന്നതും കൊളീജിയം ശിപാർശ തിരിച്ചയക്കുന്നതിനുള്ള കാരണമായി കാണാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവർ ഒപ്പുവെച്ച കത്തിൽ വ്യക്തമാക്കി.
ഭരണഘടനാസ്ഥാപനങ്ങളിൽ ഇരിക്കുന്ന നിരവധി പേരുടെ പങ്കാളിയായി വിദേശികളുണ്ട്. അതിനാൽ ഈ കാരണം ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന്‍റെ ജഡ്ജി നിയമനം തടയാനാവില്ല. സ്വവർഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന് ജഡ്ജിസ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്നും കൊളീജിയം വ്യക്തമാക്കി. ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാൻ പൗരന് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവെച്ചിട്ടില്ലെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.
സൗരഭ് കൃപാലിനെ ജഡ്ജിയായി നിയമിക്കാനുള്ള നിർദേശം വീണ്ടും അയക്കുകയാണെന്നും എത്രയും വേഗം നടപടി വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹൈകോടതി ജഡ്ജിയായുള്ള സൗരഭ് കൃപാലിന്‍റെ നിയമന ശിപാർശയിൽ 2017 മുതൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കാതെ നീട്ടുകയാണ്. 2017ലാണ് സൗരഭ് കൃപാലിന്‍റെ പേര് ആദ്യമായി ജഡ്ജി സ്ഥാനത്തേക്ക് ശിപാർശ ചെയ്തത്. എന്നാൽ, ഇന്‍റലിജൻസ് ബ്യൂറോ കൃപാലിനെതിരെ റിപ്പോർട്ട് നൽകുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ സ്വവർഗ പങ്കാളി യൂറോപ്യൻ പൗരനാണെന്നും ഇത് സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നുമായിരുന്നു റിപ്പോർട്ട്. പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചും ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള കൊളീജിയം കൃപാലിന്‍റെ പേര് ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഇതിലും കേന്ദ്ര സർക്കാർ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയി.
2021 മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കൃപാലിന്റെ നിയമനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും വ്യക്തതയും തേടി കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിയെ കുറിച്ചുള്ള ആശങ്കകള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് അന്ന് കേന്ദ്രം മറുപടി നല്‍കിയത്.
സുപ്രീംകോടതി സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ രണ്ട് സുപ്രധാന കേസുകളില്‍ ഹരജിക്കാരുടെ അഭിഭാഷകനായിരുന്നു സൗരഭ് കൃപാല്‍. ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ നിന്നാണ് സൗരഭ് കൃപാല്‍ നിയമപഠനം പൂര്‍ത്തീകരിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ബി.എന്‍. കൃപാല്‍ 2002ല്‍ ആറു മാസക്കാലം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.