തെരഞ്ഞെടുപ്പ് കമീഷൻ നിയമനങ്ങൾക്ക് മൂന്നംഗ സമിതിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനപ്രക്രിയയിൽ സമൂല മാറ്റംവരുത്തി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചു. നിലവിൽ കേന്ദ്രസർക്കാർ നേരിട്ട് നിയമിക്കുന്ന രീതി മാറ്റി മൂന്നംഗ സമിതി നിർദേശിക്കുന്നവരെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിക്കണം. പ്രതിപക്ഷ നേതാവ് ഇല്ലെങ്കില്‍ ലോക്സഭയിൽ ഏറ്റവുമധികം എം.പിമാരുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സമിതിയിലുൾപ്പെടുത്തണമെന്നും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ തെരഞ്ഞെടുപ്പിലും നിയമനത്തിലും സുതാര്യത ഉറപ്പുവരുത്താന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും അതുവരെ ഈ വിധി തുടരുമെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസെ, ഋതികേഷ് റോയ് എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ഏകകണ്ഠമായി വിധിച്ചു.

അധികാരത്തിന് മുന്നിൽ മുട്ട് വിറക്കുന്ന വ്യക്തിയെ തെരഞ്ഞെടുപ്പ് കമീഷനാക്കരുതെന്നും തന്നെ നിയമിച്ചവരോട് കടപ്പെട്ടുവെന്ന് തോന്നുന്നയാൾക്ക് ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ഇടമുണ്ടാകരുതെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാല്‍ പോരാ. യഥാർഥത്തില്‍ സ്വതന്ത്രമായിരിക്കണം. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്ത് വിവിധ സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്നുവെങ്കിലും ഇതിനുള്ള നിയമനിര്‍മാണം ഒരു സര്‍ക്കാറും നടത്തിയില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടായതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെയും മുഖ്യ കമീഷണറെയും നിയമിക്കാന്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് വിധി. തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാറിനുള്ള ഏകപക്ഷീയമായ അധികാരം ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാരുടെ വാദം ശരിവെക്കുന്നതാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിർണായക വിധി. രാഷ്ട്രീയത്തിന് അതീതമായ വ്യക്തികള്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ എത്തണമെന്നതുകൊണ്ടാണ് ഇത്തരമൊരു വിധി പ്രസ്താവിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷൻ പൂർണമായും സ്വതന്ത്രമാകാൻ ഒരു സ്ഥിരം സെക്രട്ടേറിയറ്റ് ഉണ്ടാക്കാനും അതിന് പ്രത്യേക ഫണ്ട് വകയിരുത്താനുമുള്ള നിർദേശം പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി ജഡ്ജിയുടെ നിയമനവും നീക്കം ചെയ്യലും പോലെയാകണം തെരഞ്ഞെടുപ്പ് കമീഷന്റേതെന്ന് ജസ്റ്റിസ് രസ്തോഗി കൂട്ടിച്ചേർത്തു.

Tags:    
News Summary - On Election Commission Appointments, Supreme Court's Big Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.