ടി.ഡി.പി നേതാവിനെ കാഷായ വസ്ത്രധാരി അരിവാൾകൊണ്ട് വെട്ടി; സി.സി.ടി.വിയിൽ നടുക്കുന്ന ദൃശ്യങ്ങൾ
അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിൽ തെലുഗുദേശം പാർട്ടി(ടി.ഡി.പി) നേതാവിനെ കാഷായ വസ്ത്രധാരി വെട്ടിപ്പരിക്കേൽപ്പിച്ചു. ടി.ഡി.പി നേതാവും മുൻ എം.പിയുമായ പൊല്നാട്ടി ശേഷഗിരി റാവുവിനാണ് ഗുരുതരമായി പരിക്കേറ്റത്. തുനി നഗരത്തിലെ ശേഷഗിരിയുടെ വസതിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
വീട്ടിലെ സി.സി.ടി.വി കാമറയിൽ അക്രമത്തിന്‍റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കാഷായ വസ്ത്രമണിഞ്ഞ് വീടിന്റെ പ്രവേശന കവാടത്തിൽ നിൽക്കുന്നയാൾക്ക് റാവു ധാന്യങ്ങൾ നൽകുന്നതും ഉടൻ ഇയാൾ അരിവാൾകൊണ്ട് വെട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതും കാണാം.
തുടർന്ന്, ഒരു സ്ത്രീ വീട്ടിൽ നിന്ന് പുറത്തിറങ്ങി ബഹളമുണ്ടാക്കി ഇയാളുടെ പിറകെ ഓടുന്നുമുണ്ട്.ആക്രമണത്തിൽ റാവുവിന്റെ തലക്കും കൈക്കും പരിക്കേറ്റെന്നും അദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
ഒളിവിലുള്ള പ്രതികൾക്കായി കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇവരെ കണ്ടെത്താൻ നാല് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും കാക്കിനാഡ പൊലീസ് സൂപ്രണ്ട് എം.രവീന്ദ്രനാഥ് ബാബു പറഞ്ഞു. വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. വീടിന് പുറത്ത് ബൈക്കിൽ കാത്തുനിന്ന കൂട്ടാളിയുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്'-എസ്.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.