ഹൈദരാബാദ്: ക്ലാസിൽ നിന്നിറങ്ങി മൂന്നാംനിലയിൽ നിന്നും ചാടിയ വിദ്യാർഥി മരിച്ചു. ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ് സംഭവം. വിദ്യാർഥി ചാടുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ക്ലാസിനിടെ വിദ്യാർഥി പുറത്തിറങ്ങിയതിന് ശേഷം കെട്ടിടത്തിന്റെ അറ്റത്തേക്ക് പോയി താഴേക്ക് ചാടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ അനുസരിച്ച് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിദ്യാർഥി താഴേക്ക് ചാടിയതോടെ വലിയ ഞെട്ടലാണ് സഹപാഠികൾക്കും അധ്യാപികക്കും ഉണ്ടായത്.
മകരസംക്രാന്തി അവധിക്ക് ശേഷം വിദ്യാർഥി വ്യാഴാഴ്ചയാണ് കോളജിലേക്ക് എത്തിയതെന്ന് അനന്ത്പൂർ റൂറൽ സബ്-ഡിവിഷണൽ പൊലീസ് ഓഫീസർ ടി.വെങ്കടേഷലു പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് വിദ്യാർഥി കോളജിലേക്ക് എത്തിയത്. ക്ലാസ് നടക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിയ വിദ്യാർഥി താഴേക്ക് ചാടുകയായിരുന്നു.
ഉടൻ തന്നെ കോളജ് മാനേജ്മെന്റ് അധികൃതർ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീസത്യസായി ജില്ലയിലെ രാമപുരത്ത് നിന്നാണ് വിദ്യാർഥി കോളജിലേക്ക് എത്തിയിരുന്നത്. അതേസമയം, വിദ്യാർഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച സംഭവമെന്തെന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.