പത്രക്കടലാസിൽ ചിക്കൻ പൊതിഞ്ഞ കേസ്; ജാമ്യത്തിലിറങ്ങിയ വ്യാപാരിയോട് മൂന്ന് ദിവസം കടയടക്കാൻ പൊലീസിന്‍റെ നിർദേശം

ലഖ്നോ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസിൽ ചിക്കൻ വിഭവം പൊതിഞ്ഞു നൽകിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യു.പിയിലെ ഹോട്ടലുടമയോട് മൂന്ന് ദിവസം കട അടച്ചിടാൻ പൊലീസിന്‍റെ നിർദേശം. ശനിയാഴ്ച 15ഓളം പൊലീസുകാർ കടയിലെത്തി മൂന്ന് ദിവസം അടച്ചിടാൻ നിർദേശിക്കുകയായിരുന്നെന്ന് ഹോട്ടലുടമയായ താലിബ് ഹുസൈൻ പറയുന്നു.

ഒരുമാസം മുമ്പ് ജൂലൈ മൂന്നിനാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസിൽ ചിക്കൻ വിഭവം പൊതിഞ്ഞു നൽകിയെന്ന പരാതിയിൽ യു.പിയിലെ സംഭാൽ പൊലീസ് കേസെടുത്ത് താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ഹിന്ദു ജാഗരൺ മഞ്ചിന്‍റെ പരാതിയെ തുടർന്നാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.




 

10 ദിവസം മുമ്പാണ് താലിബ് ഹുസൈൻ ജാമ്യത്തിലിറങ്ങി വീണ്ടും കട തുറന്നത്. എന്നാൽ, മൂന്ന് ദിവസം കട അടച്ചിടാൻ പൊലീസ് നിർദേശിച്ചതിന്‍റെ കാരണം തന്നോട് പറഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. വാക്കാലുള്ള നിർദേശമാണ് നൽകിയത്. ആഗസ്റ്റ് രണ്ടിനും മൂന്നിനും നഗരത്തിൽ നടക്കുന്ന 'കൽക്കി ജാഥ'ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറയുന്നു. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി.

ജാമ്യത്തിലിറങ്ങിയ ശേഷം താലിബ് ഹുസൈൻ തന്‍റെ മെഹക് റെസ്റ്ററന്‍റിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമാണ് ഉണ്ടാക്കിയത്. കാരണം, 'സാവൻ' മാസത്തിൽ ഹിന്ദു മതവിഭാഗക്കാർ വെജിറ്റേറിയൻ മാത്രമാണ് കഴിക്കാറ്. ജൂലൈ പകുതിയോടെയാണ് സാവൻ മാസം ആരംഭിച്ചത്. സാധാരണ, സാവൻ മാസത്തിലും താലിബ് ഹുസൈന്‍റെ കടയിൽ മാംസവിഭവങ്ങൾ ലഭിക്കുമായിരുന്നു. 25 വർഷത്തെ അനുഭവത്തിൽ ആദ്യമായാണ് കടയിൽ വെജിറ്റേറിയൻ മാത്രം വിൽക്കുന്നതെന്നും, തന്‍റെ അറസ്റ്റിന് പിന്നാലെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവേണ്ടെന്ന് കരുതിയാണ് തീരുമാനമെന്നും താലിബ് ഹുസൈൻ പറയുന്നു. മേഖലയിൽ തന്‍റെ കടക്ക് മാത്രമാണ് മൂന്ന് ദിവസം അടച്ചിടാൻ പൊലീസ് നിർദേശം നൽകിയിട്ടുള്ളൂവെന്നും ഇദ്ദേഹം വ്യക്തമാക്കി.




 

അതേസമയം, താൻ റെസ്റ്ററന്‍റിൽ പോയി മൂന്ന് ദിവസം കടയടക്കാൻ നിർദേശിച്ചെന്ന കാര്യം സംഭാൽ കോട്വാലി പൊലീസ് സ്റ്റേഷനിലെ സീനിയർ സബ് ഇൻസ്പെക്ടർ അജയ് കുമാർ ത്യാഗി നിഷേധിച്ചു. അങ്ങനെയൊരു നിർദേശമുണ്ടെങ്കിൽ തന്‍റെ മേലുദ്യോഗസ്ഥർ നൽകിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവരാത്രി സമയത്ത് അച്ചടിച്ച, ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ പത്രക്കടലാസിൽ ചിക്കൻ വിഭവം പൊതിഞ്ഞുനൽകിയ കേസിലാണ് ജൂലൈ മൂന്നിന് താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ പത്രങ്ങൾ ഹോട്ടലിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. അതേസമയം, ആക്രിക്കടയിൽ നിന്നാണ് ഹോട്ടലിൽ പൊതിയാനുള്ള പത്രക്കെട്ട് കൊണ്ടുവരാറെന്ന് മെഹക് റസ്റ്ററന്‍റിലെ തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു. മറ്റേത് കടക്കാരും ചെയ്യുന്ന പോലെ ഈ കടലാസിലാണ് വിഭവങ്ങൾ പാഴ്സൽ വാങ്ങുന്നവർക്ക് പൊതിഞ്ഞു നൽകാറ്. ആ പത്രത്തിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമുണ്ടായിരുന്നെന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുക ഞങ്ങളുടെ ലക്ഷ്യമേ അല്ലായെന്നും ഹോട്ടൽ തൊഴിലാളികൾ പറഞ്ഞിരുന്നു.

Tags:    
News Summary - On bail in chicken wrapped in deity images case, UP Muslim man told to shut eatery for 3 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.