ശ്രീനഗർ: ജമ്മു കശ്മീരിലെ പുസ്തക നിരോധനത്തിൽ പങ്ക് നിഷേധിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണ് പുസ്തക നിരോധനമെന്ന് മനുഷ്യാവകാശ സംഘടനയായ ‘ആംനസ്റ്റി ഇന്റർനാഷണൽ’ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ ഭരണകൂടം കശ്മീർ വിഷയമായി എടുത്തിട്ടുള്ള പ്രശസ്ത ഇന്ത്യൻ, വിദേശ എഴുത്തുകാരുടെ 25 പുസ്തകങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. ഈ പുസ്തകങ്ങൾ തീവ്രവാദ ഭീഷണി ഉയർത്തുകയോ ഭീകരതയെ മഹത്വപ്പെടുത്തുകയോ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നിരോധനം.
ചൊവ്വാഴ്ച പുറപ്പെടുവിച്ച സിൻഹയുടെ ഉത്തരവ് പ്രകാരം, പുസ്തകത്തിന്റെ പകർപ്പ് കൈവശമുള്ള ഏതൊരാളും അത് അധികാരികൾക്ക് സമർപ്പിക്കണം. ഈ ശീർഷകങ്ങളിലുള്ള പുസ്തകങ്ങൾ പിടിച്ചെടുക്കാൻ ജമ്മു കശ്മീർ പോലീസ് പുസ്തകശാലകളിൽ റെയ്ഡ് നടത്തിവരികയാണ്.
അതിനിടയിൽ ഉമർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതായി പലരും ആരോപിച്ചു. അദ്ദേഹത്തിന്റെ മൗനം ആരോപണം കടുപ്പിക്കുകയും ചെയ്തു. ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അദ്ദേഹത്തെ ‘ഭീരു’ എന്ന് ആക്ഷേപിച്ചതിനുപിന്നാലെ മുഖ്യമന്ത്രി ഒടുവിൽ സംസാരിക്കാൻ നിർബന്ധിതനായി.
‘എന്നെ ഭീരു എന്ന് വിളിക്കുന്നതിന് മുമ്പ് താങ്കൾ വസ്തുതകൾ മനസ്സിലാക്കുക. ലെഫ്റ്റനന്റ് ജനറൽ ഔദ്യോഗികമായി നിയന്ത്രിക്കുന്ന ഒരേയൊരു വകുപ്പായ ആഭ്യന്തര വകുപ്പ് ഉപയോഗിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്. ഞാൻ ഒരിക്കലും പുസ്തകങ്ങൾ നിരോധിച്ചിട്ടില്ല. ഒരിക്കലും നിരോധിക്കുകയുമില്ല’ -ഉമർ ‘എക്‌സി’ൽ പ്രതികരിച്ചു.
‘ഉമർ അബ്ദുല്ല താങ്കൾ പുസ്തകങ്ങൾ നിരോധിക്കുക. എങ്കിൽ ജീവിതകാലം മുഴുവൻ പുസ്തകങ്ങളെ ഭയന്നിരുന്ന ഭീരുവായി നിങ്ങൾ അറിയപ്പെടും’ എന്നതായിരുന്നു അദ്ദേഹത്തെ പ്രകോപിപ്പിച്ച പോസ്റ്റ്.
നിരോധിത പുസ്തകങ്ങളിൽ എഴുത്തുകാരി അരുന്ധതി റോയ്, നിയമ വിദഗ്ദ്ധൻ എ.ജി. നൂറാനി, രാഷ്ട്രീയ ശാസ്ത്രജ്ഞൻ സുമന്ത്ര ബോസ്, പത്രപ്രവർത്തക അനുരാധ ഭാസിൻ എന്നിവരുടെ കൃതികളും ഉൾപ്പെടുന്നു.
‘യഥാർത്ഥത്തിൽ എന്താണ് നിശബ്ദമാക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം’ എന്ന തലക്കെട്ടോടെ ആംനസ്റ്റിയുടെ ഇന്ത്യൻ വിഭാഗം ഒരു നീണ്ട പോസ്റ്റ് പ്രസിദ്ധീരിച്ചിട്ടുണ്ട്. ഇവ ‘ഭീകരവാദ’ മാനുവലുകളല്ല. വിമർശനാത്മക ശബ്ദങ്ങളാണ്. ഈ പുസ്തകങ്ങളിൽ യഥാർത്ഥത്തിൽ എന്താണ് ഉള്ളത്? കശ്മീരിലെ ലിംഗവിവേചനവും സൈനികവൽക്കരണവും, മനുഷ്യാവകാശ ലംഘനങ്ങൾ, കശ്മീർ തർക്കത്തെക്കുറിച്ചുള്ള ചരിത്രപരമായ വീക്ഷണങ്ങൾ, ഭരണകൂട അക്രമത്തിന്റെയും പ്രതിരോധത്തിന്റെയും കഥകൾ -അത് പറയുന്നു.
ഈ പുസ്തകങ്ങൾ സുരക്ഷാ സേനയെ അപകീർത്തിപ്പെടുത്തുകയും മതപരമായ തീവ്രവാദത്തിന് കാരണമാവുകയും അതുവഴി ‘യുവാക്കൾ അക്രമത്തിൽ പങ്കെടുക്കുന്നതിന് പിന്നിലെ ഒരു പ്രധാന പ്രേരകശക്തിയായി’ മാറുകയും ചെയ്യുന്നുവെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നിട്ടും ഒരു പൊലീസ് റിപ്പോർട്ടു പോലും ഫയൽ ചെയ്തിട്ടില്ല. ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 98 പ്രകാരമുള്ള ഒരു വലിയ നിരോധനമാണിത്. യഥാവിധിയുള്ള നടപടിക്രമങ്ങളും ജുഡീഷ്യൽ മേൽനോട്ടവും ഇല്ലാതെ, ഒരു എക്സിക്യൂട്ടിവ് വിജ്ഞാപനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പുസ്തകങ്ങൾ നിരോധിക്കുന്നത് സമാധാനം കൊണ്ടുവരില്ലെന്നും വിയോജിപ്പുകളെ നിശബ്ദമാക്കുമെന്നും ആംനസ്റ്റി വാദിച്ചു.
ഭരണകൂടങ്ങൾ ആശയങ്ങളെ ഭയപ്പെടുമ്പോൾ, പുസ്തകങ്ങൾക്ക് മേൽ പൂർണമായ നിരോധനം ഏർപ്പെടുത്തുന്നത് അനാവശ്യമാണ്. നിയമാനുസൃതമായ ലക്ഷ്യങ്ങൾ നിറവേറ്റുകയല്ല, മറിച്ച് വിവരങ്ങൾ തേടാനും സ്വീകരിക്കാനുമുള്ള ആളുകളുടെ അവകാശത്തെ പരിമിതപ്പെടുത്തുകയാണത്. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണ്. കശ്മീരിനെക്കുറിച്ച് മാത്രമല്ല, സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെക്കുറിച്ചും ഇത് മുന്നോട്ടുവെക്കുന്നു. ഒരു നടപടിക്രമവുമില്ലാതെ പുസ്തകങ്ങളെ നിശബ്ദമാക്കാൻ കഴിയുമെങ്കിൽ ആളുകളെയും നിശബ്ദമാക്കാൻ കഴിയുമെന്നും ആംനസ്റ്റി പറഞ്ഞു.
നിരോധിച്ച പുസ്തകങ്ങളിൽ അരുന്ധതി റോയിയുടെ ആസാദി, ബോസിന്റെ കശ്മീർ അറ്റ് ദി ക്രോസ്‌റോഡ്‌സ്, നൂറാനിയുടെ ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012, ഭാസിന്റെ എ ഡിസ്മാന്റ്ലെഡ് സ്റ്റേറ്റ് (ദി അൺടോൾഡ് സ്റ്റോറി ഓഫ് കശ്മീർ ആഫ്റ്റർ ആർട്ടിക്കിൾ 370), ഡേവിഡ് ദേവദാസിന്റെ ഇൻ സെർച്ച് ഓഫ് എ ഫ്യൂച്ചർ (ദി സ്റ്റോറി ഓഫ് കശ്മീർ), ഹഫ്സ കാഞ്ച്വാളിന്റെ കൊളോണിയൈസിംഗ് കശ്മീർ: സ്റ്റേറ്റ്-ബിൽഡിംഗ് അണ്ടർ ഇന്ത്യൻ ഒക്യുപേഷൻ എന്നിവ ഉൾപ്പെടുന്നു.
വിക്ടോറിയ ഷോഫീൽഡിന്റെ കശ്മീർ ഇൻ കോൺഫ്ലിക്റ്റ്, ക്രിസ്റ്റഫർ സ്നെഡന്റെ ഇൻഡിപെൻഡന്റ് കശ്മീർ തുടങ്ങിയ പ്രശസ്ത വിദേശ എഴുത്തുകാരുടെ പുസ്തകങ്ങളും നിരോധിച്ചിരിക്കുന്നു.
ഈ പുസ്തകങ്ങളെല്ലാം വിഘടനവാദം, ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണി എന്നീ കുറ്റങ്ങൾ പേറുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് നിരോധന ഉത്തരവിൽ പറയുന്നു. അതിനാൽ അവ ഭാരതീയ ന്യായ സംഹിതയുടെ 152, 196, 197 വകുപ്പുകളുടെ പരിധിയിൽ വരുമെന്നും അത് കൂട്ടിച്ചേർക്കുന്നു. ഇത് പുസ്തക വിൽപ്പനക്കാർ, വായനക്കാർ, പ്രസാധകർ, എഴുത്തുകാർ എന്നിവർക്കുള്ള ശിക്ഷകളും മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.