നോട്ടീസുകൾ യാന്ത്രികമായി തയാറാക്കിയത്; ഡൽഹി എസ്ഐആറിനെതിരെ സുപ്രീംകോടതി
ന്യൂഡൽഹി: 47 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റിയ ഡൽഹിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയ സംബന്ധിച്ച ആശങ്കകളിൽ തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസയച്ച് സുപ്രീംകോടതി. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ മിക്കവർക്കും യാന്ത്രികമായി തയാറാക്കിയ നോട്ടീസുകളാണ് ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
യുക്തിപരമായ പൊരുത്തക്കേടുകൾ ഉണ്ടെന്നു കണ്ടെത്തിയ മാനദണ്ഡത്തിൽ വ്യക്തത വരുത്തണം. കാരണമോ വിശദീകരണമോ ഇല്ലാതെ 33 ലക്ഷത്തോളം പേർക്ക് അയച്ച നോട്ടീസുകൾ തയാറാക്കിയ വിധവും പരാതിക്കാരുടെ ആശങ്കകൾ ദൂരീകരിക്കാൻ ഇതുവരെ കൈക്കൊണ്ട നടപടികളും കമീഷൻ വിശദീകരിക്കണം.
എസ്.ഐ.ആർ നോട്ടീസിൽ യുക്തിപരമായ പൊരുത്തക്കേട് എന്ന് വേർതിരിച്ചതിൽ എന്ത് വിശദീകരണമാണ് നൽകേണ്ടതെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നോട്ടീസ് കിട്ടിയ വോട്ടർക്ക് എന്താണ് വിശദീകരിക്കേണ്ടതെന്ന് വ്യക്തമായി ബോധ്യപ്പെടണം. ബൂത്ത് ലെവൽ ഓഫിസർമാർ സഹായത്തിനായി അത്തരം വോട്ടർമാരുമായി ബന്ധപ്പെടുകയും വേണം.
വോട്ടർമാർക്ക് ഉണ്ടാകാവുന്ന ചോദ്യങ്ങളുടെ പട്ടിക തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സാധാരണ ഉന്നയിക്കപ്പെടാവുന്ന ചോദ്യങ്ങളും സംശയങ്ങളും എതിർപ്പുകളും കണക്കിലെടുത്ത് പത്തോ പതിനഞ്ചോ എണ്ണത്തിന് ഉത്തരങ്ങൾ തയാറാക്കി പത്രങ്ങളിലും വെബ്സൈറ്റിലും പരസ്യപ്പെടുത്തണമെന്നാണ് നിർദേശം.
കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് ബന്ധപ്പെടാനുള്ള ഓഫിസർമാരുടെ മൊബൈൽ നമ്പറും പരസ്യപ്പെടുത്തണം. ഇത്രയും വിവരങ്ങൾ ലഭ്യമാക്കുന്നത് ജനങ്ങൾക്ക് വളരെ പ്രയോജനപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
യുക്തിപരമായ പൊരുത്തക്കേട് എന്ന വിഭാഗത്തിൽ വോട്ടർമാരെ ഉൾപ്പെടുത്താനുള്ള മാനദണ്ഡവും നിർവചനവും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരായ അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയുമാണ് പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത്.
തലസ്ഥാന നഗരത്തിൽ ഉടനെ തെരഞ്ഞെടുപ്പ് വരാനില്ലാത്തതിനാൽ പോരായ്മകളും വീഴ്ചകളും പരിഹരിക്കാൻ വേണ്ടത്ര സമയമുണ്ടെന്ന് കമീഷൻ കോടതിയെ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.