അഖിലേഷ് യാദവ്
അടുത്തവർഷത്തെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കെതിരായ ധർമയുദ്ധം: അഖിലേഷ് യാദവ്
ലഖ്നോ: അയോധ്യ രാമക്ഷേത്ര കൊള്ളയിലെ എസ്.ഐ.ടി റിപ്പോർട്ടിനു പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. പ്രാഥമിക അന്വേഷണത്തിൽ 70 തവണ മാത്രമായിരുന്ന സംഭാവന കൊള്ള എസ്.ഐ.ടി റിപ്പോർട്ടിൽ 105 ആയി ഉയർന്നത് ഗുരുതരമാണെന്ന് അദ്ദേഹം ‘എക്സ്’ പേജിൽ കുറിച്ചു.
ഭക്തരുടെ സംഭാവന കൊള്ള നടത്തിയത് കടുത്ത വഞ്ചനയാണ്. വിശ്വാസികൾക്കിടയിൽ കടുത്ത വേദനയുണ്ടാക്കുന്നതാണ് ഇത്. ഈ തട്ടിപ്പിന് പിന്നിൽ ബി.ജെ.പി നേതാക്കൾക്ക് പങ്കുണ്ട്. ജീവനക്കാർക്ക് മാത്രം ഇത്രയും വലിയ കൊള്ള നടത്താനാവില്ല. പിന്നിൽ സ്വാധീനശക്തിയുള്ള പലരും ഉണ്ട്. അവർക്ക് ബി.ജെ.പി സർക്കാർ സംരക്ഷണമൊരുക്കുകയാണ് -അഖിലേഷ് ആരോപിച്ചു. കൊള്ളക്കാർക്ക് മറുപടി നൽകണമെന്നും 2027 നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കെതിരായ ധർമയുദ്ധമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിൽനിന്ന് 105 തവണ സംഭാവന മോഷ്ടിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയതായി എസ്.ഐ.ടി ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് അയോധ്യ സംഭാവന കൊള്ളയുടെ കൂടുതൽ തെളിവുകൾ വിശദീകരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും രേഖകളും പരിശോധിച്ചതായും അന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉത്തർപ്രദേശ് ഐ.ജി എസ്. കിരണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അതേസമയം, ക്ഷേത്ര നിർമാണത്തിനായി സംഭാവന ചെയ്ത 200 കിലോഗ്രാമിന്റെയും, 38.288 കിലോയുടെയും വെള്ളിക്കട്ടകൾ, വെള്ളി മാല എന്നിവ കൈകാര്യം ചെയ്തതിൽ ക്രമക്കേടുകളില്ലെന്നും വ്യക്തമാക്കുന്നു. ഇവ കാണാതായെന്ന തരത്തിൽ പ്രചരിച്ച വാർത്തകളിൽ അടിസ്ഥാനമില്ലെന്നും കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.