ജസ്റ്റിസ് ആർ.സി. ചവാൻ
പൊതുജനാഭിപ്രായ ശേഖരണ സാധ്യതയില്ല; മഹാരാഷ്ട്ര ഏക സിവിൽ കോഡ് കരട് രൂപവത്കരണ സമിതിയിൽ നിന്ന് ജസ്റ്റിസ് ചവാൻ പിന്മാറി
മുംബൈ: ഏക സിവിൽകോഡ് കരട് രൂപവത്കരണത്തിന് മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച ഏഴംഗ സമിതിയിൽനിന്ന് ബോംബെ ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.സി. ചവാൻ രാജിവെച്ചു. പൊതുജന അഭിപ്രായ ശേഖരണ സാധ്യതയില്ല, സമിതിയിലില്ലാത്ത വ്യക്തിയുടെ ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് രാജി. ശനിയാഴ്ച നടന്ന സമിതിയുടെ ഓൺലൈൻ യോഗത്തിന് ശേഷമാണ് രാജി.
സമിതി അംഗങ്ങളോടും വിദഗ്ധരോടും ആലോചിക്കാതെ പൊതുജനങ്ങൾക്കായുള്ള ചോദ്യാവലി അധ്യക്ഷ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ഏകപക്ഷീയമായി തയാറാക്കി വിതരണം ചെയ്തെന്നും അവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയെന്നും രാജിക്കത്തിൽ ആരോപിച്ചു.
ചോദ്യാവലി അക്കാദമിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന മൂന്ന് അംഗങ്ങളുടെ നിർദേശം തള്ളിയാണ് ഈ നീക്കമെന്നും യോഗത്തിൽ സമിതിയുമായി ബന്ധമില്ലാത്ത മുൻ ഐ.എ.എസുകാരന്റെ സാന്നിധ്യത്തെക്കുറിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വൈകിയുള്ള വിവാഹം, വന്ധ്യത, അസ്ഥിര വിവാഹം, തർക്ക പരിഹാരത്തിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളിൽ പൊതുജനാഭിപ്രായം സ്വരൂപിച്ച് അന്തിമ തീരുമാനത്തിലെത്താനാണ് സമിതിയുടെ ശ്രമമെന്നാണ് കരുതിയതെന്നും തന്റെ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതോടെ ഓൺലൈൻ യോഗത്തിൽനിന്ന് ഉടൻതന്നെ പിന്മാറിയെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. രാജി സർക്കാർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.