ശ്രീകാകുളത്തെ ശ്രീകൂർമം ക്ഷേത്രം

15ാം നൂറ്റാണ്ടിലെ സൂര്യവംശി ഗജപതി സാമ്രാജ്യത്തിന്റെ ഒഡിയ ഭാഷയിലെ ശിലാലിഖിതങ്ങൾ ആന്ധ്രയിലെ ​ശ്രീകാകുളത്ത് കണ്ടെത്തി

വിശാഖപട്ടണം: 15ാം നൂറ്റാണ്ടിൽ ബംഗാളിലെ ഗംഗ മുതൽ തമിഴ്നാട്ടിലെ കാവേരിവരെയുള്ള വിശാലമായ സാമ്രാജ്യം ഭരിച്ചിരുന്ന സൂര്യവംശി ഗജ പതി സാമ്രാജ്യത്തിന്റെ സ്ഥാപകനായ കപിലേന്ദ്ര ദേവന്റെ (1435- 1467) ഒഡിയ ഭാഷയിലുള്ള ശിലാരേഖകൾ ആന്ധ്രയിലെ ശ്രീകാകുളത്ത് ശ്രീകൂർമം ക്ഷേത്രത്തിൽ കണ്ടെത്തി. പുതിയ ചരിത്ര വസ്തുതകളിലേക്കും ഗവേഷണങ്ങളിലേക്കും വഴി തെളിക്കുന്നതാണ് ഗിലാലിഖിത ഗവേഷകനായ ബിഷ്ണു മോഹൻ അധികാരിയുടെ ഈ കണ്ടെത്തൽ.

ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നിന്ന് ആദ്യമായാണ് ഒഡിയ ഭാഷയിലെഴുതിയ ശിലാലിഖിതങ്ങൾ കണ്ടെത്തുന്നത്. കിഴക്കൻ ഗംഗ ഭരിച്ചിരുന്ന കലിംഗർ നിർമിച്ച പുരാതന ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ ശ്വേത പുഷ്കരിണി മണ്ഡപത്തിലെ രണ്ട് തൂണുകളിലാണ് ഈ രേഖകൾ കണ്ടെടുത്തത്.

അക്കാലത്ത് ആന്ധ്ര ഉൾപ്പെടുന്ന രാജ്യങ്ങളുടെ സാംസ്കാരിക വിനിമയത്തിലേക്കും മറ്റും പുതിയ ഗവേഷണങ്ങൾക്ക് വഴിവെക്കുന്നതാണ് ഈ കണ്ടെത്തൽ. കപിലേന്ദ്ര ദേവന്റെ തെലുങ്കിലുള്ള മൂന്ന് ഗിലാലിഖിതങ്ങളും സംസ്കൃതത്തിലുള്ള ഒരു ലിഖിതവും ഒപ്പം കണ്ടെത്തി.

1455 ലെ ഈ രേഖ ഭൂമി അനുവദിച്ചത് പുതുക്കിക്കൊണ്ടുള്ളതാണ്. 1461 ലെ മറ്റൊരു രേഖ ക്ഷേത്രത്തിലേക്ക് ഒരു വെങ്കല വിളക്ക് സമ്മാനിച്ചതുമായി ബന്ധപ്പെട്ടാണ്. നേരത്തെ രാജാവിന്റെ വിജയത്തിൽ കലിംഗ ക്ഷേത്രത്തിലെ അധികാരികൾ അദ്ദേഹത്തിന് വിളക്കുകൾ സമ്മാനിക്കുന്നതു സംബന്ധിച്ച മറ്റൊരു രേഖ കണ്ടെത്തിയിരുന്നു.

എന്നാൽ ഒഡിയ ഭാഷയിലെ പുതിയ രേഖകൾ ഒരു സംസ്കാരിക വിനിയേത്തിന്റെ പുതിയ കണ്ടെത്തലുകളാണ് വെളിച്ചത്തു കൊണ്ടുവരുന്നത്. കൂർമനാഥ ദേവന് ഒരു ചന്ദന ലേപനം അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഒഡിയയിലുള്ള ഒരു രേഖ. മറ്റൊന്ന് കപിലേന്ദ്ര ദേവന്റെ 34ാം ഭരണ വാർഷികത്തോടനുബന്ധിച്ച രേഖയാണ്.

കലിംഗ സാമ്രാജ്യത്തിന്റെ തെക്കൻഭാഗത്തേക്കുള്ള ബന്ധങ്ങളിലേക്കും ഈ കണ്ടെത്തലുകൾ വെളിച്ചം വീശുന്നു.

Tags:    
News Summary - Odia inscriptions from the 15th century Suryavanshi Gajapati Empire discovered in Srikakulam, Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.