ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ
ന്യൂഡൽഹി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിലടച്ച രണ്ടു മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സാങ്കേതികത്വം പറഞ്ഞ് ഛത്തിസ്ഗഢിലെ രണ്ടാമത്തെ കോടതിയും തള്ളി. അന്തർസംസ്ഥാന മനുഷ്യക്കടത്തും മതപരിവർത്തനവും അടക്കമുള്ള കുറ്റകൃത്യങ്ങൾ പരിഗണിക്കേണ്ടത് എൻ.ഐ.എ കോടതിയായതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ദുർഗ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, ഛത്തിസ്ഗഢ് സർക്കാർ കേസെടുത്തതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജാമ്യം ലഭ്യമാക്കുമെന്ന് കേരളത്തിൽനിന്നുള്ള യു.ഡി.എഫ് എം.പിമാരെ അറിയിച്ചു.
ജാമ്യത്തിനായി പ്രീതിമേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകൾ പ്രത്യേക കോടതിയെ സമീപിക്കണമെന്ന് ദുർഗ് സെഷൻസ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇവർ ചെയ്തിരിക്കുന്നത് 7-10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് വിധിക്കാവുന്ന കുറ്റകൃത്യങ്ങൾ ആണെന്നും ജാമ്യം നൽകിയാൽ മതപരിവർത്തന കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചുവെന്ന് ഉത്തരവിലുണ്ട്. ഈ കുറ്റകൃത്യങ്ങൾ പരിഗണിക്കേണ്ട കോടതി സെക്ഷൻ കോടതി അല്ലാത്തതിനാൽ ഉചിതമായ കോടതിയെ സമീപിക്കാൻ നിർദേശം നൽകി ജാമ്യാപേക്ഷ തള്ളുകയാണ് ദുർഗ് സെഷൻസ് കോടതി ചെയ്തത്.
അതിനിടെ ഛത്തീസ്ഗഢിൽനിന്ന് മടങ്ങിവന്ന യു.ഡി.എഫ് എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ് എന്നിവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഇതിനകം ഇടപെട്ടു കഴിഞ്ഞുവെന്നും രണ്ടു കന്യാസ്ത്രീകൾക്കും ജാമ്യം നൽകുന്ന കാര്യത്തിലടക്കം അനുകൂലമായ സമീപനം സ്വീകരിക്കുമെന്നും അമിത് ഷാ ഉറപ്പു നൽകി. എന്നാൽ, മതപരിവർത്തനം ഛത്തിസ്ഗഢിലെ വലിയൊരു വിഷയമാണെന്നും അതാർക്കും നിഷേധിക്കാൻ ആവില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിക്കാൻ ആവില്ലെന്നും അമിത് ഷാ എം.പിമാരോട് പറഞ്ഞു.
അമിത് ഷായുടെ കൂടിക്കാഴ്ചക്കു ശേഷം ദുർഗ് സെഷൻസ് കോടതി വിധി വന്ന പശ്ചാത്തലത്തിൽ വീണ്ടുമൊരിക്കൽക്കൂടി എൻ.കെ. പ്രേമചന്ദ്രൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് കേരള എം.പിമാർ സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 12ന് കേരള എം.പിമാരുടെ യോഗം വിളിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ടെന്ന് അമിത് ഷാ അറിയിച്ചു. വീണ്ടും ഛത്തിസ്ഗഢ് സർക്കാറുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടെ ജാമ്യം ഉറപ്പുവരുത്താൻ നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശിച്ചതായി അമിത് ഷാ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.