ജെ.എൻ.യു വിദ്യാർഥി യൂണിയൻ നേതാവ് ഐഷി ഘോഷിന് 10,000 രൂപ പിഴയിട്ട് യൂനിവേഴ്സിറ്റി

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂണിയൻ നേതാവ് ഐഷി ഘോഷിന് 10,000 രൂപ പിഴയിട്ട് യൂനിവേഴ്സിറ്റി. പ്രൊക്ടർ ഓഫീസറിന്റെ പുതിയ മാനുവൽ പ്രകാരമാണ് നടപടി. സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസ് ബലംപ്രയോഗിച്ച് തുറന്നുവെന്ന കുറ്റത്തിനാണ് ഐഷിക്കെതിരെ പിഴ ചുമത്തിയത്.

ഗുരുതരമായ കുറ്റമാണ് ഐഷിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ജെ.എൻ.യു പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. അവരുടെ കരിയർ കൂടി പരിഗണിച്ചാണ് ഈയൊരു നടപടി കൈകൊള്ളുന്നതെന്നും യൂനിവേഴ്സിറ്റി വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്നും പിരിക്കുന്ന പിഴയിലൂടെ സ്വന്തം പോക്കറ്റ് നിറക്കാനാണ് യൂനിവേഴ്സിറ്റിയും വൈസ് ചാൻസലറും ശ്രമിക്കുന്നതെന്നും ഐഷി ഘോഷ് ആരോപിച്ചു.

യൂനിവേഴ്സിറ്റിയിലെ മോശം അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയും വിദ്യാഭ്യാസ നിലവാരത്തിനെതിരെയും പ്രതിഷേധ സമരങ്ങളിലൂടെ മാത്രമേ വിദ്യാർഥികൾക്ക് എതിർപ്പറിയിക്കാൻ നിർവാഹമുള്ളു. എതിർപ്പുകളെ ഇല്ലാതാക്കാനാണ് പ്രതിഷേധങ്ങൾക്ക് പിഴ ചുമത്താനുള്ള തീരുമാനത്തിന് പിന്നിലെന്നും ഐഷി ഘോഷ് പറഞ്ഞു.

ക്യാമ്പസിൽ സമരം ചെയ്താൽ 20,000 രൂപ പിഴയും 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങൾ വിളിച്ചാൽ 10,000 രൂപ പിഴയും ഈടാക്കുമെന്ന് പറയുന്ന പെരുമാറ്റച്ചട്ടമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.അക്കാദമിക് കോംപ്ലക്സുകൾക്കോ ഭരണവിഭാഗം കെട്ടിടങ്ങൾക്കോ 100 മീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാലാണ് കടുത്ത പിഴ. നിരാഹാര സമരമോ ധർണയോ മറ്റ് പ്രതിഷേധങ്ങളോ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ വീതം പിഴയിടും.

മുദ്രാവാക്യങ്ങൾ ദേശവിരുദ്ധമെന്ന് കണ്ടെത്തിയാൽ 10,000 രൂപയാണ് പിഴ. പോസ്റ്ററുകൾ ലഘുലേഖകൾ തുടങ്ങിയവയിൽ മോശം ഭാഷ ഉപയോഗിച്ചാലും ജാതീയ-വർഗീയ വേർതിരിവുണ്ടാക്കുന്ന പ്രയോഗങ്ങൾ നടത്തിയാലും 10,000 രൂപ പിഴയിടും. അധികൃതരുടെ അനുവാദമില്ലാതെ ക്യാമ്പസിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചാൽ 6000 രൂപയാണ് പിഴ. സർവകലാശാലക്കുള്ളിൽ പുകവലിച്ചാൽ 500 രൂപയും പിഴയിടും. മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയവക്ക് 8000 രൂപയാണ് പിഴ.

Tags:    
News Summary - NU Student Leader Aishe Ghosh Fined Rs 10,000 for Forcibly Opening Union Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.