എന്‍.എസ്.ജി അംഗത്വം: ഇന്ത്യക്കെതിരെ നിലപാട് ആവര്‍ത്തിച്ച് ചൈന

ബെയ്ജിങ്: ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും ചൈനയുടെ തിരിച്ചടി. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെക്കാത്ത ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വ അപേക്ഷ നിരുപാധികം സ്വീകരിക്കാനാവില്ളെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 11ന് വിയനയില്‍ നടന്ന 48 അംഗ എന്‍.എസ്.ജി  രാജ്യങ്ങളുടെ ചര്‍ച്ചക്കുശേഷമാണ് ചൈന നിലപാട് ആവര്‍ത്തിച്ചത്. വിയനയില്‍ ഇന്ത്യയുടെ അപേക്ഷ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടന്നിരുന്നു. ഇവിടെയും ഇന്ത്യക്ക് എതിരായായിരുന്നു ചൈനയുടെ പ്രതിനിധി സംസാരിച്ചത്.

എന്‍.എസ്.ജി അംഗത്വം സംബന്ധിച്ച് ചൈനക്ക് എന്നും ഒരു നിലപാടാണുള്ളതെന്ന് മന്ത്രാലയം വക്താവ് ജെങ് ഷുവാങ് പറഞ്ഞു. എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത എല്ലാ രാജ്യങ്ങളുടെയും അപേക്ഷക്കുപുറത്ത് പൊതുവായ നിലപാട് ആദ്യം എന്‍.എസ്.ജി നേതൃത്വം സ്വീകരിക്കണം. രണ്ടാം ഘട്ടത്തില്‍ ഇന്ത്യപോലുള്ള പ്രത്യേക രാജ്യങ്ങളെ സവിശേഷമായി പരിഗണിച്ച് അവരുടെ അപേക്ഷയില്‍ തീരുമാനമെടുക്കണം. ഈ രണ്ട് ഘട്ടങ്ങളിലൂടെയുള്ള ചര്‍ച്ചകള്‍ക്കുശേഷം മാത്രമായിരിക്കണം അന്തിമ തീരുമാനമെന്ന് തങ്ങള്‍ മുമ്പേ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ചെയ്താല്‍ മാത്രമേ എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളുടെ എന്‍.എസ്.ജി അപേക്ഷയില്‍ വിവേചനപരമല്ലാത്ത തീരുമാനം കൈക്കൊള്ളാനാകൂവെന്നും ഷുവാങ് കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ ഈ നിലപാട് പാകിസ്താന് ഗുണകരമാകുമെന്നാണ് കരുതുന്നത്. ഇന്ത്യക്കൊപ്പം തന്നെ പാകിസ്താനും എന്‍.എസ്.ജി അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. പാകിസ്താനും എന്‍.പി.ടിയില്‍ ഒപ്പുവെച്ചിട്ടില്ല. അംഗത്വത്തില്‍ ഇന്ത്യക്ക് എന്തെങ്കിലും ഇളവ് അനുവദിക്കുകയാണെങ്കില്‍ അത് പാകിസ്താനും നല്‍കേണ്ടിവരും. അഥവാ, ഇന്ത്യക്ക് മാത്രമായി അംഗത്വം നല്‍കാനാവില്ല. പുതിയ സാഹചര്യത്തില്‍, ചൈനയുടെ നിലപാടിന് പുറത്ത് ഇന്ത്യ അംഗത്വത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ദീര്‍ഘകാലമായി അണുപരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ളെന്ന കാരണം ചൂണ്ടിക്കാട്ടി അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളുടെ പിന്തുണ ഇതിനകം നേടിയെടുക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. വിയന ചര്‍ച്ചയില്‍ ഇന്ത്യയെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളുടെ അംഗത്വം സൃഷ്ടിക്കുന്ന സാങ്കേതികവും രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയെ മാത്രമായി പരിഗണിക്കാനാവില്ളെന്ന് ചൈന മറുവാദം ഉയര്‍ത്തുകയായിരുന്നു.

Tags:    
News Summary - nsg membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.