ജയ്പൂർ: കുപ്രസിദ്ധ ഗുണ്ടാസംഘത്തലവൻ സന്ദീപ് സേതിയെ കോടതി പരിസരത്ത് അജ്ഞാതർ വെടിവെച്ചു കൊന്നു. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് സംഭവം. കോടതിയിൽ ഹാജരാകുന്നതിന് തൊട്ടുമുമ്പാണ് സേതിക്ക് നേരെ വെടിവെപ്പുണ്ടായത്. സെപ്റ്റംബർ 12 മുതൽ ഇയാൾ ജാമ്യത്തിലാണെന്നും സുഹൃത്തുക്കളോടൊപ്പം ഒരു വിചാരണക്കായി കോടതിയിൽ എത്തിയതായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'മോട്ടോർ സൈക്കിളിൽ എത്തിയ നാലംഗ സംഘമാണ് സേതിക്കെതിരെ വെടിയുതിർത്തത്. കോടതി പരിസരത്ത് പത്ത് റൗണ്ടോളം വെടിവെപ്പുണ്ടായി. പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നാഗൗർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല - അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് മീണ പറഞ്ഞു. സേതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25 കേസുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കൊലയാളികളെക്കുറിച്ച് സൂചനകൾ ലഭിക്കുന്നതിന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാകാം സേതിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.