നൈനാർ നാഗേന്ദ്രൻ, കനിമൊഴി
ചെന്നൈ: മധുര അയോധ്യയെപ്പോലെയായാൽ എന്താണ് കുഴപ്പമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ‘അയോധ്യ ഇന്ത്യയിലുള്ള സ്ഥലമാണ്, ഇംഗ്ളണ്ടിലോ യൂറോപ്പിലോ ഉള്ള ഒന്നല്ല. തിരുപ്പറക്കുൻട്രം (മധുര) അങ്ങിനെയാവുന്നതിൽ തെറ്റൊന്നുമില്ല. നമ്മൾ രാമരാജ്യത്തിന്റെ മഹത്വത്തെ പറ്റി കേട്ടിട്ടുണ്ടല്ലോ, അതിവിടെ നടപ്പാക്കാൻ ആഗ്രഹിക്കുന്നു,’ നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
തമിഴ്നാടിൽ ജാതി വൈരം ഊതിക്കത്തിച്ച് മുതലെടുപ്പ് നടത്താൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ഡി.എം.കെ വിമർശനങ്ങൾക്കിടെയാണ് നൈനാർ നാഗേന്ദ്രന്റെ പരാമർശങ്ങൾ. ‘ദീപം’ വിവാദം ഈതിക്കത്തിച്ച് അയോധ്യക്ക് സമാനമായ മുതലെടുപ്പിനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് ഡി.എം.കെയുടെ ആരോപണം.
മധുരയിലെ തിരുപ്പരന്‍കുണ്ഡ്രത്ത് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബദുഷ ദർഗയോട് ചേർന്ന തൂണിൽ കാർത്തിക ദീപം തെളിക്കാനുള്ള ബി.ജെ.പിയുടെയും ചില തീവ്ര ഹിന്ദു സംഘടനകളുടെയും ശ്രമം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. എന്നാൽ, സമുദായ സംഘർഷമുണ്ടാവാനുള്ള സാധ്യതയില്ലെന്നും ഒരു മുസ്‍ലിം പോലും തങ്ങളുടെ നടപടിയെ എതിർത്ത് ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്നും നൈനാർ പറഞ്ഞു.
അതേസമയം, ഫായിസബാദ് മണ്ഡലത്തിലെ അയോധ്യയിൽ ജനങ്ങൾ ബി.ജെ.പിക്ക് കനത്ത തോൽവിയാണ് സമ്മാനിച്ചതെന്ന് പരാമർശത്തോട് പ്രതികരിച്ചുകൊണ്ട് ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. അയോധ്യ ബി.ജെ.പിക്ക് മുന്നറിയിപ്പാണെന്നും കനിമൊഴി കൂട്ടിച്ചേർത്തു.
തമിഴ്നാട് മധുരയിലെ തിരുപ്പറങ്കുൻട്രം കാർത്തിക ദീപം വിവാദത്തിൽ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. നേരത്തെ, കാർത്തിക ദീപം ചടങ്ങിന്റെ ഭാഗമായി തിരുപ്പറങ്കുണ്ട്രം മലമുകളിൽ ദീപം തെളിക്കാൻ അനുമതി നൽകാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭാരവാഹികളോട് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ നിർദേശിച്ചിരുന്നു. ചില ഹിന്ദു സംഘടനകൾ നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി.
ഡിസംബർ മൂന്നിന് വൈകീട്ട് ആറിന് മുമ്പ് ദീപം തെളിക്കാനായിരുന്നു അനുമതി. എന്നാൽ, കീഴ്‌വഴക്ക പ്രകാരം മലക്ക് താഴെ ദീപം തെളിക്കാമെന്നും ദർഗ കൂടി നിലനിൽക്കുന്ന മലയുടെ മുകളിൽ ദീപം തെളിക്കുന്നത് അനുവദിക്കാനാവില്ലെന്നുമായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ നിലപാട്. ഇതിനെതിരെ പരാതിക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് 10 പേരടങ്ങുന്ന സംഘത്തിന് മലമുകളിൽ പോയി ദീപം തെളിക്കാൻ ജഡ്ജി അനുമതി നൽകി. എന്നാൽ വൻ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ദീപം തെളിക്കാൻ എത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു.
തുടർന്ന്, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി. പിന്നാലെ മധുര കലക്ടർ, പോലീസ് കമ്മീഷണർ എന്നിവർക്കെതിരെ ജസ്റ്റിസ് സ്വാമിനാഥൻ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ അധികൃതർ സമീപിച്ചു. കോടതി അലക്ഷ്യ കേസ് റദ്ദാക്കണം എന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ തുടർന്ന് കോടതി അലക്ഷ്യകേസ് പരിഗണിച്ച ജസ്റ്റിസ് സ്വാമിനാഥൻ വ്യാഴാഴ്ച തന്നെ ദീപം തെളിയിക്കാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് ദീപം തെളിക്കാൻ എത്തിയ സംഘത്തെ മലമുകളിലേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ്, സമുദായ വൈരം ഊതിക്കത്തിച്ച് മുതലെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡി.എം.കെ നേതൃത്വം രാഷ്ട്രീയ പ്രതിരോധം കടുപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.