'ഇ.ഡിയിൽ നിന്നും ഒന്നും ഒളിക്കാനില്ല'; നാഷണൽ ഹെറാൾഡ് കേസിൽ സോണിയയും രാഹുലും ഹാജരാകുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇ.ഡിക്കുമുന്നിൽ ഹാജരാകുമെന്ന് വ്യക്തമാക്കി കോൺഗ്രസ്. ഇ.ഡിയിൽ നിന്നും ഒന്നും ഒളിക്കാനില്ലെന്ന് കോൺഗ്രസ് വക്താവ് പവാൻ ഖേറ പറഞ്ഞു.

'ഞങ്ങളുടേത് നിയമങ്ങൾ അനുസരിക്കുന്ന പാർട്ടിയാണ്. ഞങ്ങൾ നിയമങ്ങൾ പിന്തുടരുന്നു. അതുകൊണ്ട് അവരെ വിളിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ പോവും. ഞങ്ങൾക്കൊന്നും ഒളിപ്പിക്കാനില്ല'- പവാൻ ഖേറ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ ബി.ജെ.പിയെ പോലെയല്ലെന്നും സത്യത്തിന്‍റെ പാത പിന്തുടരുന്നവർ എങ്ങനെയാണെന്ന് ഞങ്ങളിൽ നിന്നും അവർ പഠിക്കട്ടെ എന്നും കോൺഗ്രസ് വക്താവ് വ്യക്തമാക്കി.

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി രാഹുൽഗാന്ധിക്കും സോണിയഗാന്ധിക്കും നേരത്തെ സമൻസ് അയച്ചിരുന്നു. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതോടെ സോണിയ ഗാന്ധി സമയം നീട്ടി നല്കാൻ ആവശ്യപ്പെടുകയായിരുന്നു. വ‍്യാഴ്ചയാണ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാഹുൽ ഗാന്ധിയോട് ജൂൺ 13ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇ.ഡി നിർദ്ദേശം നൽകിയത്. എന്നാൽ 13ന് മുൻപ് തന്നെ രാഹുൽ ഗാന്ധി ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ജൂൺ രണ്ടിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിദേശത്തായതിനാൽ സമയം നീട്ടി നൽകുകയായിരുന്നു.

കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു.എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം. 

Tags:    
News Summary - 'Nothing to Hide From ED': Congress on Summons to Sonia, Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.