ഭൂപേഷ് ബാഗേൽ

വോട്ടിംഗ് മെഷീനുകളിലെ നോട്ട റദ്ദാക്കണം -ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂർ: ഒരു സ്ഥാനാർഥിക്കും വോട്ട് ചെയ്യാൻ താൽപ്പര്യമില്ലാത്ത പൗരന്മാർക്ക് വേണ്ടിയുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ നോട്ട ഓപ്ഷൻ റദ്ദാക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ശനിയാഴ്ച റായ്പൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 2 ലക്ഷത്തിലധികം വോട്ടർമാർ നോട്ടയെ അനുകൂലിക്കുന്നതിനെക്കുറിച്ചും നോട്ട തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

രണ്ട് സ്ഥാനാർഥികളുടെ വിജയത്തിന്റെയും തോൽവിയുടെയുമിടയിൽ ഉള്ളതിനേക്കാൾ കൂടുതൽ വോട്ടുകൾ നോട്ടക്ക് ലഭിച്ചതായി പലതവണ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ നോട്ട നിർത്തണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഢിൽ 76.88 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 1,85,88,520 വോട്ടർമാരിൽ 1,42,90,497 പേർ വോട്ട്ചെയ്തു. അന്ന് നോട്ട 2,82,738 വോട്ടുകൾ നേടിയിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 11 പാർലമെന്റ് സീറ്റുകളുള്ള സംസ്ഥാനത്ത് 1.96 ലക്ഷത്തിലധികം നോട്ട വോട്ടുകൾ പോൾ ചെയ്യപ്പെട്ടിരുന്നു. ബസ്തർ, സർഗുജ, കാങ്കർ, മഹാസമുന്ദ്, രാജ്നന്ദ്ഗാവ് എന്നീ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ നോട്ട മൂന്നാം സ്ഥാനത്തായിരുന്നു.

സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് 2013-ൽ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടിംഗ് പാനലിലെ അവസാന ഓപ്ഷനായി ഇ.വി.എമ്മിൽ നോട്ട ബട്ടൺ ചേർത്തത്. ഉത്തരവിന് മുമ്പ് ഒരു സ്ഥാനാർഥിക്കും വോട്ടുചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ റൂൾ 49-o (വോട്ട് ചെയ്യേണ്ടെന്ന് ഇലക്ടർ തീരുമാനിക്കുന്നു) പ്രകാരം അവരുടെ തീരുമാനം രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു.

Tags:    
News Summary - NOTA option should be scrapped, Chief Minister of Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT