വിഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ

തുച്ഛമായ തുകക്ക് വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കാൻ തയ്യാറല്ല; തൊഴിലാളി ദിനത്തിൽ വൈറലായി എ.സി ടെക്നീഷ്യന്‍റെ വിഡിയോ

തൊഴിലാളി ദിനത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ചർച്ചയാവുകയാണ് നവി മുംബൈയിലെ എ.സി ടെക്നീഷ്യൻ പുറത്തുവിട്ട വിഡിയോ. തുച്ഛമായ തുകക്ക് വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കാൻ തയ്യാറല്ലെന്ന് തുറന്നുപറയുന്ന വിഡിയോ ആണ് തരംഗമാകുന്നത്. നവി മുംബൈയിലെ ഖാർഘറിൽ 23-ാം നിലയിലുള്ള ഒരു ഫ്ലാറ്റിലെ എ.സി യൂണിറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

23-ാം നിലയിലെ ബാൽക്കണിക്ക് പുറത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണ് എ.സിയുടെ ഔട്ട്ഡോർ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇത് സർവീസ് ചെയ്യാൻ എത്തിയ ടെക്നീഷ്യൻ യൂണിറ്റ് ഇരിക്കുന്ന അവസ്ഥ കണ്ട് ഞെട്ടിപ്പോയി. 300-400 രൂപ സർവീസ് ചാർജിന് വേണ്ടി ഇത്രയും വലിയ റിസ്ക് എടുക്കാൻ ആരും തയ്യാറാവില്ലെന്ന് അയാൾ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

'ഇത് നോക്കൂ നിങ്ങൾ, ഇത് ഖാർഘർ എന്ന പ്രദേശമാണ് ആണ്. 23-ാം നിലയിൽ ഇത്തരത്തിൽ ഔട്ട്ഡോർ യൂണിറ്റ് ഇൻസ്റ്റാൾ ചെയ്താൽ ഇത് നന്നാക്കാൻ ആരാണ് നിങ്ങളുടെ വീട്ടിൽ വരിക? വെറും 300 രൂപയോ 400 രൂപയോ തന്നാൽ ആരെങ്കിലും ഈ റിസ്ക് ഏറ്റെടുക്കുമോ? അവിടെ നിന്ന് ആരെങ്കിലും താഴെ വീണാൽ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? നിങ്ങൾ ഇത് കാണുന്നുണ്ടോ? ആളുകൾക്ക് സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയുമില്ല.' അയാൾ വിഡിയോയിൽ പറഞ്ഞു.

തൊഴിലാളി ദിനത്തിൽ പങ്കുവെക്കപ്പെട്ട ഈ വിഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും ടെക്നീഷ്യന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. എത്ര പണം നൽകിയാലും ഒരാളുടെ ജീവന് പകരമാവില്ലെന്നും, ഇത്രയും അപകടകരമായ സ്ഥിതിയിൽ എ.സി സ്ഥാപിച്ചാൽ അത് റിപ്പയർ ചെയ്യാൻ ആരും തയ്യാറാകില്ലെന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചു. തൊഴിലാളികളുടെ സുരക്ഷക്കും അവരുടെ അധ്വാനത്തിന് അർഹമായ പ്രതിഫലത്തിനും മുൻഗണന നൽകണമെന്ന ചർച്ചകൾക്കും ഈ വിഡിയോ വഴിവെച്ചു.

Tags:    
News Summary - Not ready to risk his life for a meager amount of money; Video of AC technician becomes a topic of discussion on Labor Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.