ഗർഭിണിയായില്ല; ദൈവങ്ങളെ പ്രീതിപ്പെടുത്താൻ അയൽക്കാരുടെ കുഞ്ഞിനെ ബലികൊടുത്ത് യുവതി

ന്യൂഡൽഹി: ഗർഭിണിയാകാൻ അയൽക്കാരുടെ കുഞ്ഞിനെ ദൈവത്തിന് ബലികൊടുത്ത് യുവതി. ന്യൂഡൽഹിയിലെ രോഹിണി ഏരിയയിലാണ് സംഭവമുണ്ടായത്. ഞായറാഴ്ച സംഭവവുമായി ബന്ധപ്പെട്ട് 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

2013ൽ വിവാഹം കഴിഞ്ഞ നീലം ഗുപ്തക്ക് കുഞ്ഞുണ്ടാകാത്തതിനാൽ ഭർതൃവീട്ടുകാരിൽ നിരന്തരം പഴി കേൾക്കേണ്ടിവന്നിരുന്നു. തുടർന്ന് ഉത്തർപ്രദേശിലെ തന്‍റെ ജന്മഗ്രാമമായ ഹരോഡിലെ മന്ത്രവാദിയുടെ ഉപദേശം തേടി. ഗർഭിണിയാകാനായി കുഞ്ഞിനെ ബലികൊടുക്കണമെന്ന അയാളുടെ ഉപദേശപ്രകാരമാണ് കടുംകൈ ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

കാണാതായ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശം മുഴുവൻ പൊലീസ് അരിച്ചുപെറുക്കിയിരുന്നു. അതിനിടെയാണ് വീടിന്‍റെ മേൽക്കൂരയിൽ സംശയകരമയ നിലയിൽ ഒരു ബാഗ് കണ്ടെത്തിയത്.

യുവതിയുടെ വീടിനടുത്തുള്ള വീടിന്‍റെ മേൽക്കൂരയിലാണ് ബാഗ് കണ്ടെത്തിയത്. ഇത് തുറന്ന് നോക്കിയപ്പോഴാണ് കഴുത്തിൽ മുറിവുകളുമായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നതാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.

പ്രദേശവാസികളെ മുഴുവൻ ചോദ്യം ചെയ്തതിൽ നിന്ന് കുട്ടിയെ അവസാനമായി കണ്ടത് യുവതിയോടൊപ്പമാണെന്ന് പൊലീസിന് മനസ്സിലായി. എന്നാൽ കുറ്റം സമ്മതിക്കാൻ യുവതി തയാറായിരുന്നില്ല. ആദ്യഘട്ടത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും നീലം ശ്രമിച്ചു. ചോദ്യം ചെയ്യലിനൊടുവിൽ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ താൻ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി സമ്മതിക്കുകയായിരുന്നു.

കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തതിനാൽ ഭർതൃവീട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നും ഒരുപാട് അപമാനം നേരിടേണ്ടി വന്നതായി യുവതി വെളിപ്പെടുത്തി. തികച്ചും നിരാശയിലാണ്ട അവസ്ഥയിൽ നാല് വർഷം മുൻപ് മന്ത്രവാദി നൽകിയ ഉപദേശം അനുസരിക്കാൻ തയാറായാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാതാപിതാക്കളുടെ പരാതിയിൽ മനപ്പൂർവമായ നരഹത്യക്ക് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 

Tags:    
News Summary - Not pregnant; A young woman sacrifices her neighbor's baby to please the gods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.