ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 30 പേർ മരിച്ചു. അസം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്. കനത്ത മഴയിൽ സംസ്ഥാനങ്ങളിലുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉൾപ്പെടെ വ്യാപക നാശ നഷ്ടങ്ങളാണ് സംഭവിച്ചത്.
മേഘാലയയിലെ ടുറക്കും അസമിലെ ഗുവാഹത്തിക്കും ഇടയിലുള്ള ദേശീയപാത 17 (എൻ.എച്ച് -17) മഴയെ തുടർന്ന് തകർന്നു. ബോക്കോ, ചായ്‌ഗാവ് എന്നിവിടങ്ങളിൽ എൻ.എച്ച് -17 ന്റെ പ്രധാന ഭാഗങ്ങൾ ഒലിച്ചുപോയി. ഇത് ഗതാഗത്തെ സാരമായി ബാധിച്ചു. അസമിലെ 12 ജില്ലകളിൽ മാത്രം 60,000 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അസമിൽ ശക്തമായ കാലാവസ്ഥയെ തുടർന്ന് മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ നിന്നാണ് അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. അരുണാചൽ പ്രദേശിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒമ്പത് പേർ മരിച്ചു.
അസമിന്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുവപ്പ്, ഓറഞ്ച് അലർട്ടും വടക്കുകിഴക്കൻ മേഖലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുർബല പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്നും
സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.