ബംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബംഗളൂരു കോടതി. 2010ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് വാറന്‍റ്. നിത്യാനന്ദ രാജ്യം വിട്ടതായാണ് കരുതുന്നത്.
സിനിമ നടിയോടൊപ്പമുള്ള നിത്യാനന്ദയുടെ അശ്ലീല വിഡിയോ 2010ൽ മുൻ ഡ്രൈവർ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നാണ് പീഡന കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ സാക്ഷികളെ വിസ്തരിച്ചിരുന്നു. എന്നാൽ, നിത്യാനന്ദ ഹാജരാകാത്തതിനാൽ മൂന്ന് വർഷമായി കേസ് മുന്നോട്ടുപോയിട്ടില്ല. 2019ന് ശേഷം അയച്ച സമൻസുകൾക്കൊന്നും നിത്യാനന്ദ മറുപടി നൽകിയിട്ടുമില്ല.
കേസിൽ നേരത്തെ അറസ്റ്റിലായ നിത്യാനന്ദ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ, രാജ്യം വിട്ടതായ വാർത്തകളെ തുടർന്ന് 2020ൽ ജാമ്യം റദ്ദാക്കുകയായിരുന്നു.
2019 നവംബറിലാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് മുങ്ങുന്നത്. നിരവധി കേസുകളിൽ പ്രതിയായതോടെ ശിക്ഷ ഉറപ്പാകുമെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു മുങ്ങൽ. തുടർന്ന് ഇക്വഡോർ തീരത്തെ ഒരു ദ്വീപ് വിലക്ക് വാങ്ങിയെന്ന വിവരം പുറത്തുവന്നിരുന്നു. കൈലാസ എന്ന രാഷ്ട്രം സ്വയം സ്ഥാപിച്ചതായ പ്രഖ്യാപനവും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.