നരേന്ദ്ര മോദി, പ്രിയങ്ക് ഖാർഗെ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവാദിത്തം ‘മുഖ്യമന്ത്രി മോദി’യേക്കാൾ നന്നായി ആർക്കും തുറന്നുകാട്ടാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയുടെ പരിഹാസം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തീവ്രവാദത്തെക്കുറിച്ച് മോദി പറയുന്നതിന്‍റെ വിഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക് ഖാർഗെ ഇക്കാര്യം കുറിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കുന്നയാൾ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമ്പോൾ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന് അദ്ദേഹം പറയുന്നു.
“മുഖ്യമന്ത്രിയായ മോദിയേക്കാൾ നന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവാദിത്തം തുറന്നുകാണിക്കുന്ന മറ്റാരുമില്ല. ഉത്തരവാദിത്തം മറ്റുള്ളവർക്ക് മാത്രമേ ബാധകമാകൂ. പ്രതിപക്ഷത്തിരിക്കുമ്പോൾ ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കുന്നയാൾ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമ്പോൾ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു. പ്രധാനമന്ത്രി മോദി ഒരു ഒളിച്ചോട്ടക്കാരനാണ്. അദ്ദേഹം പത്രസമ്മേളനങ്ങൾ ഒഴിവാക്കുന്നു, പാർലമെന്റിനെ അവഗണിക്കുന്നു, ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാൻ വിഷയത്തിൽനിന്ന് വ്യതിചലിക്കുന്നു” -പ്രിയങ്ക് ഗാർഖെ എക്സിൽ കുറിച്ചു.
നേരത്തെ ഡൽഹി കാർബോംബ് സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ചും പ്രിയങ്ക് ഖാർഗെ രംഗത്തെത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയായിരിക്കും അമിത് ഷായെന്നും, മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ മന്ത്രിസഭയിൽനിന്ന് പുറത്താകുമായിരുന്നെന്നും പ്രിയങ്ക് ഖാർഗെ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്കുമേൽ ഉത്തരവാദിത്തം വരാത്തതെന്നും രാഷ്ട്രീയം കളിക്കാൻ മാത്രമാണോ അദ്ദേഹം അവിടെയുള്ളതെന്നും അദ്ദേഹം ചോദിച്ചു.
‘സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയായിരിക്കും അമിത് ഷാ. മറ്റേതെങ്കിലും രാജ്യത്തോ സംസ്ഥാനത്തോ ആയിരുന്നെങ്കിൽ അദ്ദഹം മന്ത്രിസഭയിൽനിന്ന് പുറത്താകുമായിരുന്നു. പക്ഷേ, മിസ്റ്റർ മോദിയുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ആളായതിനാൽ അദ്ദേഹം അനിവാര്യനാണ്. എന്തുകൊണ്ടാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്കുമേൽ ഉത്തരവാദിത്തം വരാത്തത്? സംസ്ഥാന സർക്കാറുകളെ പുറത്താക്കാൻ മാത്രമാണോ അദ്ദേഹം അവിടെയുള്ളത്? രാഷ്ട്രീയം കളിക്കാൻ മാത്രമാണോ അദ്ദേഹം അവിടെയുള്ളത്? അതാണ് അദ്ദേഹം ചെയ്യുന്നതെങ്കിൽ പാർട്ടിയിലേക്ക് തിരികെ വരട്ടെ. അദ്ദേഹത്തിന്റെ കഴിവില്ലായ്മ കാരണം എത്ര പേരുടെ ജീവൻ ഇനിയും നഷ്ടപ്പെടണം...?’ -പ്രിയങ്ക് ഖാർഗെ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.