ഹരിയാനയിലെ ബാദ്ഷാപൂരിൽ ചൊവ്വാഴ്ച അക്രമികൾ
തകർത്ത കട
ഗുരുഗ്രാം: ബജ്രങ്ദൾ പ്രവർത്തകനും സ്വയംപ്രഖ്യാപിത പശുസംരക്ഷകനുമായ മോനു മനേസറിന്റെ വിഡിയോ ഗുരുഗ്രാമിന് സമീപമുള്ള നൂഹിൽ വർഗീയ സംഘർഷത്തിന് കാരണമായതായി റിപ്പോർട്ട്. നൂഹിൽ വി.എച്ച്.പി നടത്തിയ മതഘോഷയാത്രയിൽ പങ്കെടുക്കുമെന്ന് മോഹിത് യാദവ് എന്ന മോനു മനേസർ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഘോഷയാത്രയിൽ പങ്കെടുക്കാൻ അനുയായികളെ ആഹ്വാനവും ചെയ്തു. എന്നാൽ, സംഘർഷസാധ്യത ഭയന്ന് വി.എച്ച്.പി തന്നെ ഇദ്ദേഹത്തെ മാറ്റിനിർത്തുകയായിരുന്നു. മനേസർ പങ്കെടുക്കുമെന്ന വാർത്ത ഘോഷയാത്ര ആക്രമിക്കാൻ കാരണമായതായാണ് വിലയിരുത്തൽ.
കഴിഞ്ഞ ഫെബ്രുവരിയിൽ ഭീവാനിയിൽ കത്തിക്കരിഞ്ഞ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്നുകാലി വ്യാപാരികളായ ജുനൈദിനെയും നസീറിനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ ആരോപണമുണ്ടായിരുന്നെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
മേവാത്തിലെ ഒരു പശുസംരക്ഷക സംഘത്തിന്റെ നേതാവായ മോനു മനേസർ, പശു സംരക്ഷകരുടെ ആക്രമണങ്ങളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നതിൽ കുപ്രസിദ്ധനാണ്.
2019ൽ പശുകടത്തുകാരെ പിന്തുടരുന്നതിനിടെ വെടിയേറ്റ് അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. 2015ൽ പശു സംരക്ഷണ നിയമം നിലവിൽ വന്നതിന് ശേഷം ഹരിയാന സർക്കാർ രൂപവത്കരിച്ച ജില്ലാ പശു സംരക്ഷണ ടാസ്ക് ഫോഴ്സിലും അംഗമാണ്. യൂട്യൂബിലും ഫേസ്ബുക്കിലും പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള മോനു മനേസർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആയുധങ്ങളുടെയും കാറുകളുടെയും ചിത്രങ്ങൾ പതിവായി പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.