മുംബൈ: രാഷ്ട്രീയത്തിൽ ഒരാളും സ്ഥിരമായി ശത്രുവോ മിത്രമോ അല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ. മുംബൈയിൽ നിന്ന് 390 കി.മി അകലെയുള്ള ബീഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അജിത് പവാർ.
ദിവസങ്ങൾക്ക് മുമ്പ് അജിത് പവാറിന്റെ അമ്മാവനും എൻ.സി.പി സ്ഥാപക നേതാവുമായ ശരദ് പവാറും ഇഋത സ്ഥലത്ത് റാലി നടത്തിയിരുന്നു.'' ഇത് രാഷ്ട്രീയമാണ്. ഇവിടെ ആരും സ്ഥിര ശത്രുക്കളോ മിത്രങ്ങളോ അല്ല.''-അജിത് പവാർ പറഞ്ഞു. തന്നെയും എൻ.സി.പിയിലെ മറ്റ് നേതാക്കളെയും സ്വീകരിച്ച ശിവസേനയിലെയും ബി.ജെ.പിയിലെയും പ്രാദേശിക നേതാക്കൾക്കും അജിത് പവാർ നന്ദിയറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭവം ലോകം മുഴുവൻ അലയടിക്കുകയാണ്. മതേതര ചിന്തകൾ പിന്തുടരുന്ന മഹാരാഷ്ട്രക്കും അദ്ദേഹത്തിന്റെ പ്രഭവം ഗുണം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും അജിത് പവാർ പറഞ്ഞു.
അത്കൊണ്ടാണ് ഞങ്ങളെല്ലാം ബി.ജെ.പി-ശിവസേന സർക്കാരിൽ ചേരാൻ തീരുമാനിച്ചത്. അല്ലാതെ അതിന്റെ പിന്നിൽ ഒരുതരത്തിലുമുള്ള വ്യക്തി താൽപര്യവുമില്ല.-അജിത് പവാർ പറഞ്ഞു. കഴിഞ്ഞ മാസമാണ് എൻ.സി.പിയെ പിളർത്തി അജിത് പവാറും സംഘവും ബി.ജെ.പി-ശിവസേന സർക്കാരിൽ ചേർന്നത്. അതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എട്ട് വിമത എൻ.സി.പി എം.എൽ.എമാർക്കും മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. പാർട്ടി പിളർത്തിയതിനു പിന്നാലെ പാർട്ടി പേരിനും ചിഹ്നത്തിനും അജിത് പവാർ അവകാശവാദമുന്നയിച്ചിരുന്നു. ആദ്യം കൂറുമാറിയ വിമതരെ ഭീരുക്കളെന്നാണ് ശരദ് പവാർ വിശേഷിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം എൻ.സി.പിയിൽ പിളർപ്പില്ലെന്നും അജിത് പവാർ പാർട്ടി നേതാവാണെന്നും വിശേഷിപ്പിക്കുകയുണ്ടായി. പ്രസ്താവന വിവാദമായതോടെ ശരദ് പവാർ മലക്കം മറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.