'എന്നെ ആരും കൊന്നിട്ടില്ല'; മകൻ മർദിച്ചു കൊന്നെന്ന വാർത്തക്കു പിന്നാലെ ​പരാതി നൽകാൻ ജീവനോടെയെത്തി നടി വീണ കപൂർ

മുംബൈ: സ്വത്തുതർക്കത്തെ തുടർന്ന് മകൻ ബേസ്ബാൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നെന്ന വാർത്തകൾക്ക് പിന്നാലെ പരാതി നൽകാൻ ജീവനോടെ പൊലീസ് സ്റ്റേഷനിലെത്തി നടി വീണ കപൂർ. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് 73കാരിയും മകനും മുംബൈയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കൊല്ലപ്പെട്ടത് തന്റെ പേരുമായി സാമ്യമുള്ള മറ്റാരോ ആണെന്ന് നടി പരാതിയിൽ പറയുന്നു.

മരണ വാർത്തക്കെതിരെ രംഗത്തെത്തിയ വീണാ കപൂറിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ''ഇത് വ്യാജ വാർത്തയാണ്. വീണ കപൂർ എന്ന പേരിൽ ഒരാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷെ, ആ വീണ കപൂർ ഞാനല്ല. ഞാൻ ഗോർഗാവിലാണ് താമസം, വാർത്തകളിൽ പറയുന്നതുപോലെ ജുഹുവിലല്ല. ഞാനും മകനൊപ്പമാണ് താമസം. അതുകൊണ്ടാണ് കൊല്ലപ്പെട്ടത് ഞാനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്.

ഞാൻ മരിച്ചെന്ന് വിശ്വസിക്കുന്ന എല്ലാവരെയും അത് തെറ്റായ വാർത്തയാണെന്ന് അറിയിക്കുന്നു. ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്. എന്നെ മകൻ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിച്ചു. എനിക്ക് പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായി. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ ഞാനും മകനും കേസ് ഫയൽ ചെയ്തു. മരണ വാർത്തയുടെ നിജസ്ഥിതി അറിയാൻ വരുന്ന ഫോൺകോളുകൾ വലിയ മാനസിക സമ്മർദമാണ് ഉണ്ടാക്കിയത്. ഷൂട്ടിങ് സ്ഥലത്തുപോലും സമാധാനമില്ലാത്ത അവസ്ഥയാണ്. ജോലിയിൽ ശ്രദ്ധ പതിപ്പിക്കാനും സാധിക്കാതെ വരുന്നു. ഞാൻ പരാതി നൽകിയില്ലെങ്കിൽ ഇത് ഇനിയും ആവ​ർത്തിക്കും. പൊലീസ് എല്ലാ പിന്തുണയും നൽകുന്നുണ്ട്'', വീണ കപൂർ മാധ്യമങ്ങളോട് പറഞ്ഞു.

നടി വീണാ കപൂറിനെ ബേസ്‌ബാൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയിൽ തള്ളിയ കേസിൽ മകൻ സച്ചിൻ കപൂറും ജോലിക്കാരനും അറസ്റ്റിലായെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത. ഇത് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - 'No one has killed me'; After the news that her son was beaten to death, actress Veena Kapoor came alive to file a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.