ഗുസ്തി താരങ്ങളുടെ ‘വിദ്വേഷ’ പ്രസംഗം; പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങൾ വിദ്വേഷ പ്രസംഗം നടത്തിയെന്നും ഇതിനെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ്. താരങ്ങള്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടല്‍ ജന്‍ പാര്‍ട്ടിയുടെ തലവനെന്ന് അവകാശപ്പെടുന്ന ബം ബം മഹാരാജിന്റെ പേരിലാണ് ഹരജി സമര്‍പ്പിച്ചിട്ടുളളത്.

ബി.ജെ.പി എം.പിയും മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് കാട്ടിയാണ് ഹരജി നല്‍കിയിരുന്നത്. വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക് എന്നിവര്‍ക്കെതിരെയാണ് ഹരജി. ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നും ഇത് വിദ്വേഷ പ്രസംഗത്തിന്റെ കീഴില്‍ വരുമെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. താരങ്ങള്‍ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. മെയ് 25നാണ് പരാതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ പരാതിക്കാരന്‍ സമര്‍പ്പിച്ച വിഡിയോയില്‍ ഗുസ്തി താരങ്ങള്‍ മുദ്രാവാക്യം വിളക്കുന്നതോ വിദ്വേഷ പ്രസംഗം നടത്തുന്നതോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.‘പരാതിയുടെ ഉള്ളടക്കത്തിലോ അവര്‍ സമര്‍പ്പിച്ച വിഡിയോയിലോ വിദ്വേഷ പ്രസംഗം നടത്തിയതായുള്ള തെളിവുകള്‍ ഇല്ല. ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയില്‍ ഇല്ല,’ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരജി തള്ളാനും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ ഏഴിലേക്ക് മാറ്റി.

ബ്രിജ് ഭൂഷനെതിരായ അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് ഗുസ്തിതാരങ്ങൾക്ക് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. അനുരാഗ് താക്കൂറാണ് ഡൽഹി പൊലീസ് ജൂൺ 15നകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തിതാരങ്ങളെ അറിയിച്ചത്. അതേസമയം, ബ്രിജ് ഭൂഷന്റെ അറസ്റ്റിനെ കുറിച്ച് മന്ത്രി മൗനം പാലിക്കുകയാണ്.

മെയ് 28ന് പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗുസ്തിതാരങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചർച്ചയിൽ പ​ങ്കെടുത്ത താരങ്ങൾ അവകാശപ്പെട്ടു. ജൂൺ 30നകം ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കാറിന്റെ നിർദേശങ്ങൾ സമരത്തിന് പിന്തുണ നൽകുന്ന സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ പറഞ്ഞു. ഇതിന് ശേഷമാവും സമരത്തിന്റെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഗുസ്തി താരങ്ങൾ ചർച്ച നടത്തിയിരുന്നു.

Tags:    
News Summary - No offence of hate speech made out against wrestlers: Delhi Police tells court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.