ന്യൂഡൽഹി: നെഹ്റു യുവ േകന്ദ്ര സംഘാടനിൽനിന്ന് ‘നെഹ്റു’വിനെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ. യുവജന, കായിക മന്ത്രാലയത്തിന് കീഴിലുള്ള യുവജനകാര്യ വകുപ്പ് ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര മന്ത്രിസഭക്ക് കൈമാറി. 623 ജില്ലകളിലും പ്രവർത്തിക്കുന്ന സംഘടനക്ക് ‘ദേശീയ സ്വഭാവം കൈവന്നു കഴിഞ്ഞതിനാൽ’ ‘നെഹ്റു’ എന്ന പേര് ഒഴിവാക്കാമെന്നാണ് വകുപ്പ് ശിപാർശയിൽ ന്യായീകരിക്കുന്നത്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നെഹ്റു യുവകേന്ദ്രയുടെ തലപ്പത്തുണ്ടായിരുന്നു ആർ.എസ്.എസുകാരായ ചിലർ ആരംഭിച്ച ശ്രമങ്ങളാണ് ഇപ്പോൾ പേരുമാറ്റത്തിൽ എത്തിനിൽക്കുന്നത്. നെഹ്റു യുവകേന്ദ്ര സംഘാടൻ എന്നതിന് പകരം നാഷനൽ യുവകേന്ദ്ര സംഘാടൻ എന്ന് പുനർ നാമകരണം ചെയ്യണമെന്നാണ് ശിപാർശ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിെൻറ ആശയങ്ങളെ പൂർണമായി ഇല്ലാതാക്കാനാണ് ബി.ജെ.പി, ആർ.എസ്.എസ് സർക്കാർ ശ്രമിക്കുന്നതെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1972 ലാണ് കേന്ദ്ര സർക്കാർ ആദ്യം നെഹ്റു യുവകേന്ദ്ര പദ്ധതി ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാർഥികളല്ലാത്ത യുവജനങ്ങളുടെ വ്യക്തിത്വ വികസനമായിരുന്നു ലക്ഷ്യം വെച്ചത്. 1988-‘87 ൽ രാജീവ് ഗാന്ധി സർക്കാറാണ് ഇതിനെ സ്വയംഭരണ സംഘടനയാക്കാൻ തീരുമാനിച്ചതും നെഹ്റു യുവകേന്ദ്ര സംഘാടൻ എന്ന് നാമകരണം ചെയ്തതും. ഗ്രാമപ്രദേശങ്ങളെ കൂടാതെ നഗരപ്രദേശങ്ങളിലുള്ള വിദ്യാർഥി-യുവജനങ്ങളെയും ഉൾക്കൊള്ളുന്നതായി ഇതിനെ വിഭാവനം ചെയ്തു. എന്നാൽ, നെഹ്റു യുവകേന്ദ്ര ഇപ്പോൾ നരേന്ദ്ര മോദി സർക്കാറിെൻറ സ്വച്ഛ്ഭാരത്, ഡിജിറ്റൽ ഇന്ത്യ അടക്കമുള്ള പദ്ധതികളുടെ പ്രചാരണമാണ് നടത്തുന്നതെന്നതും പേര് മാറ്റത്തിനുള്ള കാരണങ്ങളിൽ ഒന്നായി ശിപാർശ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.