സഞ്ജയ് റാവത്ത് എം.പി
മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടേണ്ടെന്നും, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത് തന്നെയാണ് ബിഹാറിലും സംഭവിച്ചതെന്നും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം.പി. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും കൈകോർത്തുകൊണ്ട് ഒത്തുകളിച്ച് നേടിയ വിജയമാണെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറിൽ ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ വൻ മാർജിനിൽ ഭരണം നിലനിർത്തുകയും, ആർ.ജെ.ഡി -കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം തകർന്നടിയുകയും ചെയ്തതിനു പിന്നാലെയായിരുന്നു സഞ്ജയ് റാവത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിൽ നിർത്തുന്ന വിമർശനവുമായി രംഗത്തെത്തിയത്.
‘ബീഹാർ തെരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടേണ്ട. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും കൈകോർത്ത് ദേശീയ അജണ്ട നടപ്പാക്കുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായൊരു ഫലം പ്രതീക്ഷിക്കേണ്ടതില്ല. ബിഹാറിൽ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച മഹാസഖ്യം 50നും താഴെയായി ചുരുങ്ങി’ -എക്സ് പോസ്റ്റിലൂടെ സഞ്ജയ് റാവത്ത് തുറന്നടിച്ചു.
കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വത്തിൽ വ്യാപക വോട്ടുകൊള്ള നടന്നതായി കോൺഗ്രസും ശിവസേന ഉദ്ദവ് വിഭാഗവും നേരത്തെ ആരോപിച്ചിരുന്നു.
ബി.ജെ.പി- ശിവസേന- അജിത് പവാർ നേതൃത്വത്തിലുള്ള എൻ.സി.പി പാർട്ടികളുടെ മഹായൂതി സഖ്യമായിരുന്നു കഴിഞ്ഞവർഷം മഹാരാഷ്ട്രയിൽ വിജയിച്ചത്.
243 അംഗ ബിഹാർ നിയമ സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, ജെ.ഡി.യു നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം 201 സീറ്റുകളാണ് സ്വന്തമാക്കിയത്. കേവല ഭൂരിപക്ഷമായ 122 എന്ന മാജിക് നമ്പറും കടന്നാണ് സഖ്യം ഡബ്ൾ സെഞ്ച്വറിയടിച്ച് ചരിത്ര ജയം സ്വന്തമാക്കി അധികാരം നിലനിർത്തുന്നത്. അതേസമയം, ഭരണത്തിൽ തിരിച്ചുവരവ് പ്രതീക്ഷിച്ച ഇൻഡ്യ മുന്നണി സീറ്റിൽ ഒതുങ്ങി. എ.ഐ.എം.ഐ.എം ഉൾപ്പെടെ മറ്റു പാർട്ടികൾ ആറ് സീറ്റുമാണ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.