മോദിയുടെ ഗ്യാരന്‍റി ആവശ്യമില്ല; ഏത് സർക്കാർ വന്നാലും ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും - ജയ്റാം രമേശ്

ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആര് സർക്കാർ രൂപീകരിച്ചാലും ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്നത് വാസ്തവമാണെന്നും അതിന് പ്രധാനമന്ത്രി ഗ്യാരന്‍റി നൽകേണ്ടതില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ജയ്റാം രമേശ്. കഴിഞ്ഞ ദിവസം 2024ൽ താൻ വീണ്ടും പ്രധാനമന്ത്രിയായാൽ രാജ്യത്തെ വികസനം കുതിക്കുമെന്നും ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ പരിഹസിച്ച് ജയ്റാം രമേശ് രംഗത്തെത്തിയത്.

"അടുത്ത തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാപരമായി ഗ്യാരന്‍റി നൽകിയത് സാധാരണമാണ്. ഈ ദശകത്തിൽ ഇന്ത്യ മൂന്നാമത് വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് നേരത്തെ പ്രവചനങ്ങൾ ഉണ്ടായിരുന്നതാണ്. അത് ഏത് സർക്കാർ അധികാരത്തിലെത്തിയാലും ഗ്യാരന്‍റിയുള്ള കാര്യമാണ്" - ജയ്റാം രമേശ് പറഞ്ഞു.

2014 മുതൽ ഇന്ത്യയെ ഭരിക്കുന്ന പ്രധാനമന്ത്രിയുടെ ബി.ജെ.പി കൊണ്ടുവന്നെന്ന് പറയപ്പെടുന്ന വളർച്ചയെക്കാൾ മെച്ചപ്പെട്ട വളർച്ച പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' അധികാരത്തിലെത്തിയാലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

"ഇൻഡ്യ മുന്നോട്ടുവെക്കുന്ന വളർച്ച ബി.ജെ.പി പറയുന്ന വളർച്ചയിൽ നിന്ന് പതിന്മടങ്ങ് വ്യത്യാസമുള്ളതായിരിക്കും. ആ വളർച്ച സാമൂഹികമായി എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും, നശിപ്പക്കുന്നവയാകില്ല. പാരിസ്ഥിതികമായി വളർച്ച കൂടിയായിരിക്കുമത്" അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസും 25 പ്രതിപക്ഷ പാർട്ടികളും ചേർന്ന പ്രതിപക്ഷ സഖ്യമാണ് ഇൻഡ്യ (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്‍റൽ ഇൻക്ലൂസീവ് അലയൻസ്). ബി.ജെ.പിയെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക എന്നതുമാണ് സഖ്യത്തിന്‍റെ ലക്ഷ്യം. അതേസമയം യു.കെയെ പിന്തള്ളിയാണ് ഇന്ത്യ സാമ്പത്തിക വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്തെത്തിയത്. യു.എസ്, ചൈന, ജപ്പാൻ, ജർമനി എന്നിവയാണ് ആദ്യ നാല് സ്ഥാനക്കാർ.

Tags:    
News Summary - No need of Modi's guarantee; Jairam Ramesh takes jibe at PM Modi's claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.