വാക്സിനെടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനേഷൻ നിർബന്ധമാക്കിക്കൊണ്ട് ഒരു മാർഗനിർദേശവും നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്തെങ്കിലും ആവശ്യത്തിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു സന്നദ്ധ സംഘടനയുടെ ഹരജിയെ തുടർന്ന് ജനുവരി 13ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഒരാളെയും അവരുടെ താൽപര്യത്തിന് വിരുദ്ധമായി നിർബന്ധിച്ച് വാക്സിനേഷന് വിധേയരാക്കരുത്. എന്തെങ്കിലും ആവശ്യത്തിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് സർക്കാർ മാർഗനിർദേശം നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ നൽകിയ മാർഗനിർദേശങ്ങൾ ഒരാളെയും താൽപര്യം കൂടാതെ വാക്സിനേഷന് നിർബന്ധിക്കുന്നതല്ല. എന്നിരുന്നാലും, മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുൻനിർത്തിയാണ് വാക്സിനേഷൻ നടപ്പാക്കുന്നത്.

എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും അറിയിക്കുകയും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഒരാളെയും അവരുടെ താൽപര്യത്തിന് വിരുദ്ധമായി വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കില്ല.

വാക്സിനേഷനുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്. വാക്സിനെടുക്കുന്ന എല്ലാവരെയും അതിന്‍റെ പ്രതികൂല ഫലത്തെ കുറിച്ച് അറിയിക്കണമെന്ന് മാർഗനിർദേശത്തിൽ പറഞ്ഞിട്ടുണ്ട് -കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് എലുരു ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന നൽകിയ ഹരജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 

Tags:    
News Summary - No forced jabs, vaccine certificate not a must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.