ഉത്തർപ്രദേശിലെ ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒാക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ സ്വന്തം മണ്ഡലത്തിലാണ് ഇൗ ദുരന്തം. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മസ്തിഷ്ക ജ്വര ബാധിതർക്കുള്ള പ്രത്യേക വാര്‍ഡിന് മുന്നിലെ കാഴ്ചകൾ ദുരന്തത്തിെൻറ ആഴം വിളിച്ചറിയിക്കുന്നു. പതിറ്റാണ്ടുകളായി കിഴക്കന്‍ ഉത്തര്‍പ്രദേശിനെ കീഴടക്കിയ ‘നയീവാലി ബീമാരി’യാണ് ഇവിടെ താണ്ഡവമാടുന്നത്. തീവ്രമായ തലവേദനയും കടുത്ത പനിയും അനുഭവപ്പെടുന്ന കുഞ്ഞുങ്ങളുടെയും അവരുടെ അമ്മമാരുടെയും നിലവിളി തുടരുന്നു. കൊതുക് പെരുകുമ്പോള്‍ അതിനൊപ്പം ‘ബീമാരി’യും പടരും. പന്നിപ്പനി, ചികുന്‍ ഗുനിയ, ഡെങ്കി തുടങ്ങിയ പകര്‍ച്ചപ്പനികളും ഇതിനോടൊപ്പം പടര്‍ന്നുപിടിക്കുന്നു. സർക്കാർ അനാസ്ഥയുടെ പ്രതീകമായി മാറിയ ഗോരഖ്പുരിലെ നേർക്കാഴ്ചകൾ -‘മാധ്യമം’ ഡൽഹി ബ്യൂറോ ലേഖകൻ ഹസനുൽ ബന്ന തയാറാക്കിയ റിപ്പോർട്ട് ഇന്നു മുതൽ
ജീവനറ്റ് തണുപ്പിരച്ചുകയറി പ്ലാസ്റ്റിക്കിലും പായയിലും വലിയ തൂവാലയിലും പൊതിഞ്ഞ് മരവിച്ചുപോയ കുഞ്ഞുശരീരങ്ങൾ. കരഞ്ഞും കണ്ണീര് തുടച്ചും ജീവനറ്റെന്നു പോലും തോന്നിക്കാത്ത തരത്തില്‍ അവരെ മാറോടണച്ച് ആംബുലന്‍സുകള്‍ക്ക് കാത്തുനില്‍ക്കാതെ കിട്ടുന്ന വണ്ടി പിടിച്ച് വീടുപിടിക്കുന്ന മാതാപിതാക്കൾ. ജീവനറ്റ ഓമനകളെയിങ്ങനെ ഒരു ഭാഗത്ത് ഇറക്കിക്കൊണ്ടുപോകുമ്പോള്‍ നനുത്ത തൂവാലകളില്‍ പൊതിഞ്ഞ പനിച്ചുവിറച്ച പൊന്നോമനകളുമായി ഓടിയെത്തുന്ന വേറെ അമ്മമാർ. ഓടിയെത്തുമ്പോഴുള്ള ധിറുതി നിറഞ്ഞുകവിഞ്ഞ വാര്‍ഡിനകത്തേക്ക് ചെല്ലുന്നതോടെ തീരും- കയറിയ പാടേ തിരിച്ചിറങ്ങി വാര്‍ഡിലേക്ക് കടക്കുന്ന പ്രവേശന മുറിയിലും ഇടനാഴിയിലും പായയോ തുണിയോ വിരിച്ച് അവര്‍ കിടക്കുന്നു. ആഗസ്റ്റ് 11ന് ഓക്സിജന്‍ നല്‍കാതെ കുഞ്ഞുങ്ങളെ കൂട്ടഹത്യക്കിട്ട ഗോരഖ്പുരിലെ ബി.ആർ.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മസ്തിഷ്ക ജ്വര ബാധിതർക്കുള്ള പ്രത്യേക വാര്‍ഡിന് മുന്നിലെ കാഴ്ചകളാണിത്. പതിറ്റാണ്ടുകളായി കിഴക്കന്‍ ഉത്തര്‍പ്രദേശിനെ കീഴടക്കിയ, തീവ്രമായ തലവേദനയും കടുത്ത പനിയും അനുഭവപ്പെടുന്ന ‘നയീവാലി ബീമാരി’യും കൊണ്ടാണ് ഈ വരവ്.
മേഖലയില്‍ പടര്‍ന്നുപിടിച്ചിട്ട് പതിറ്റാണ്ടുകളേറെ കഴിഞ്ഞെങ്കിലും ‘പുതിയ രോഗം’ എന്ന പേരാണുള്ളത്. അല്പമെങ്കിലും എഴുത്തും വായനയുമറിയുന്നവര്‍ ‘മസ്തിഷ്കജ്വര്’ (മസ്തിഷ്ക ജ്വരം) എന്ന് പറയും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കൊതുക് പെരുകുമ്പോള്‍ അതിനൊപ്പം ‘നയീ ബീമാരി’യും പടരും. പന്നിപ്പനി, ചികുന്‍ ഗുനിയ, ഡെങ്കി തുടങ്ങിയ എല്ലാ പകര്‍ച്ചപ്പനികളും ഇതിനോടൊപ്പം ഈ മേഖലയില്‍ പടര്‍ന്നുപിടിക്കുന്നതിനാല്‍ അവ പിന്നീട് മസ്തിഷ്ക ജ്വരമായി മാറുന്ന കേസുകളുമുണ്ട്. ഗോരഖ്പുരിലെ ഒരു ഗ്രാമം പോലും ഈ ‘ബീമാരി’യില്നിന്ന് ഒഴിവല്ല. അസമില്‍നിന്നാണ് ഈ രോഗം ഗോരഖ്പുരിലെത്തിയതെന്ന് പറയുന്നു. ശരിക്കും ഗുവാമയിലാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്്. അവിടെനിന്ന് കൊതുകുകളിലൂടെ ജപ്പാനിലേക്ക് കടന്ന് അസം വഴിയാണ് 1972- -73 കാലത്ത് ഗോരഖ്പുര്‍ മേഖലയിെലത്തുന്നത്. എന്നാൽ, ഗോരഖ്പുരില്‍നിന്ന് പിന്നീടത് എങ്ങോട്ടും പോയില്ല. പ്രതിരോധിക്കാനായി ഗോരഖ്പുരില്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. അതിനെതിരെ വാക്സിന് ഇറക്കിയെങ്കിലും മറ്റു വൈറസുകളിലൂടെ ഇതും കടന്നുവരുമെന്ന് വന്നതോടെ വാക്സിന് പരാജയപ്പെട്ടു. സമ്പൂര്‍ണ വാക്സിനേഷന് പദ്ധതി ആവിഷ്കരിച്ചിട്ടും അത് പരാജയപ്പെട്ടു. മറ്റു വൈറസുകൾ ഏറ്റുണ്ടാകുന്ന അണുബാധയും തലച്ചോറിനേല്ക്കുന്നതോടെ അതും മസ്തിഷ്ക ജ്വരമാവുന്നു.
ഗോരഖ്പുരിന് പുറമെ ചുറ്റുവട്ടത്തുള്ള സിദ്ധാര്‍ഥ് നഗർ, ബസ്തി, മഹാരാജ്ഗഞ്ച് ദേവ്രിയ, കുശി നഗർ ജില്ലകളും ബിഹാറിലെ ഏതാനും പ്രദേശങ്ങളും അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന നേപ്പാളിലെ ചില പ്രദേശങ്ങളുമാണിതിെൻറ പിടിയിൽ. രോഗബാധിതരായ കുഞ്ഞുങ്ങളില്‍ 20 -30 ശതമാനം മരിക്കുന്നു. 20 മുതല്‍ 30 ശതമാനം വരെ വികലാംഗരാകുന്നു. 40 മുതല്‍ 50 വരെ ശതമാനം കുഞ്ഞുങ്ങളേ രക്ഷപ്പെടുന്നുള്ളൂ. ഇത്രയും ആപദ്ഘട്ടത്തിലെത്തുന്ന കുഞ്ഞുങ്ങളെ ഓക്സിജെൻറ താങ്ങിലല്ലാതെ കിടത്താനാവില്ല. അതിനാണ് ബി.ആർ.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നൂറാം വാര്‍ഡിൽ പൈപ്പ്ലൈനിലൂടെ ഓക്സിജന്‍ ലഭ്യമാക്കാൻ സംവിധാനമുണ്ട്. ഓക്സിജന്‍ വിതരണത്തിെൻറ നിലയറിയാന്‍ എട്ടും പത്തും ബെഡുകള്‍ വീതമുള്ള ഒാരോ മുറിയിലും മീറ്ററുണ്ട്. ഓക്സിജെൻറ താങ്ങില്‍ മാത്രം നിലനിര്‍ത്തിയിരുന്ന കുരുന്നു ജീവനുകളാണ് ആസഗ്റ്റ് 10ന് രാത്രി ഓക്സിജനോടൊപ്പം നിലച്ചുപോയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിലെ ഏക മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഈ ശിശുവാര്‍ഡില്‍ ബുധനാഴ്ച ഈ വിവരങ്ങളെല്ലാം കേട്ട് ഗോരഖ്പുരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം രാവിലെ നില്‍ക്കുമ്പോഴാണ് അപ്പുറത്തെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍നിന്ന് നിലവിളിയും അട്ടഹാസവും ഒരുമിച്ചുയര്ന്നത്. അവിടെച്ചെന്നപ്പോള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച രണ്ടു കുഞ്ഞുങ്ങളുടെ മാതാവും മരിച്ചതറിഞ്ഞ് ബന്ധുക്കളുടെ രോഷപ്രകടനമാണ്. കൂട്ടത്തിലൊരാള്‍ എറിഞ്ഞ കല്ലില്‍ ഐ.സി.യുവിെൻറ ചില്ല് തകര്‍ന്നിരിക്കുന്നു. സുരക്ഷ ഗാര്‍ഡുകള്‍ക്ക് ജനങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. 24 വയസ്സുള്ള റീതുവിനെ ഈ മാസം ഒമ്പതിന് പ്രസവവേദന വന്നപ്പോള്‍ ഭര്‍ത്താവ് ജിതേന്ദ്ര നേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ്.
10ന് സിസേറിയനിലൂടെ പുറത്തെടുത്ത ഇരട്ടകള്‍ക്ക് ശ്വാസ തടസ്സം നേരിട്ടപ്പോള്‍ ഓക്സിജന്‍ വിതരണ സംവിധാനമുള്ള നൂറാം വാര്‍ഡിലെ ഐ.സി.യുവില്‍ കിടത്തിയതായിരുന്നു. ഓക്സിജന്‍ തീര്‍ന്ന ആഗസ്റ്റ് 11ന് രാത്രി രണ്ടു കുഞ്ഞുങ്ങളും പിടഞ്ഞു മരിച്ചു. ഇതറിഞ്ഞ് അബോധാവസ്ഥയിലായ റീതുവും ബുധനാഴ്ച രാവിലെ മക്കളുടെ വഴിയേ മരണത്തിന് കീഴടങ്ങി
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.