അവിശ്വാസ പ്രമേയം തള്ളി; മോദിയുടെ വാതുറപ്പിക്കുന്നതിൽ ഇൻഡ്യക്ക് ജയം

ന്യൂഡൽഹി: മണിപ്പൂർ കലാപം മുൻനിർത്തി കേന്ദ്രമന്ത്രിസഭക്കെതി​രെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ ശബ്​ദവോട്ടോടെ തള്ളി. പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയ അവസരത്തിലായിരുന്നു പ്രമേയം വോട്ടിനിട്ടത്. എന്നാൽ, അവിശ്വാസ പ്രമേയത്തിനുപിന്നിലുള്ള ലക്ഷ്യമായി ‘ഇൻഡ്യ’ ചൂണ്ടിക്കാട്ടിയ, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി​യെ പാർലമെന്‍റിൽ സംസാരിപ്പിക്കുക എന്ന കാര്യത്തിൽ വിജയം കൈവരിച്ചു. 100 ദിവസം പിന്നിട്ട മണിപ്പൂർ കലാപത്തെ കുറിച്ച് പാർലമെന്റിൽ മോദി മൗനം വെടിഞ്ഞു.

ഏറെ ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ കണ്ടുവെന്നും ഇതിന് വേണ്ടിയാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനപ്രകാരം താൻ അവിശ്വാസപ്രമേയം കൊണ്ടു വന്നതെന്നും പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പറഞ്ഞു. ഒരുപാട് ദിവസത്തെ പരിശ്രമത്തിനൊടുവിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് പ്രധാനമന്ത്രിയെ പാർലമെന്റിലെത്തിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

​'തന്റെ കടമയിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയായിരുന്നു. മൂന്ന് ചോദ്യമാണ് ഞങ്ങൾക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുണ്ടായിരുന്നത്: മണിപ്പൂർ സന്ദർശിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി ?, എന്തുകൊണ്ടാണ് മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാത്തത് ​?, എന്തുകൊണ്ട് ഇത്രയും നാൾ മണിപ്പൂരിനെ കുറിച്ച് മിണ്ടാതിരുന്നു ?​'-ഗൊഗോയ് പറഞ്ഞു.

അതേസമയം, ലോക്സഭയിൽ രണ്ടര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ആദ്യത്തെ ഒന്നര മണിക്കൂറും മണിപ്പൂരിനെക്കുറിച്ച്​ ഒന്നും പറയാതെ ഒൻപതു വർഷത്തെ ഭരണ നേട്ടങ്ങൾ വിവരിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചുമാണ് മോദി സമയം കളഞ്ഞത്. ഇതോടെ ഗൗരവ്​ ഗൊഗോയി അടക്കമുള്ള ‘ഇൻഡ്യ’ എം.പിമാർ ഇറങ്ങി​പ്പോയി. ഇതിനും എത്രയോ ശേഷമാണ് ​മോദി മണിപ്പൂരിനെ കുറിച്ച് മിണ്ടിയത്. ‘‘രാജ്യവും പാർലമെന്‍റും മണിപ്പൂരിനൊപ്പമുണ്ട്​. മണിപ്പൂരിൽ വൈകാതെ സമാധാനം തിരിച്ചെത്തും. കുറ്റവാളികളുടെ ശിക്ഷ ഉറപ്പാക്കും. മണിപ്പൂരിന്‍റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കും. എല്ലാവരും ഒന്നിച്ചു നിന്ന്​ ഇപ്പോഴത്തെ വെല്ലുവിളി നേരിടണം’’ - ​എന്നായിരുന്നു മോദി പറഞ്ഞത്.

മണിപ്പൂർ രാഷ്ട്രീയം കളിക്കാനുള്ള മണ്ണല്ലെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ജനവിശ്വാസം തകർക്കുകയാണ്​ പ്രതിപക്ഷം ചെയ്തത്​. കോൺഗ്രസിന്‍റെ വേദന പക്ഷപാതപരമാണ്​. മണിപ്പൂർ അടക്കം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ മൂലകാരണം പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച കോൺഗ്രസാണ്​ -മോദി ആരോപിച്ചു.

അന്നന്നത്തെ സർക്കാരിനെ താഴെയിറക്കാനാണ് മിക്ക അവിശ്വാസ പ്രമേയങ്ങളും അവതരിപ്പിക്കാറുള്ളതെന്നും എന്നാൽ, ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം അതല്ലെന്നും നേരത്തെ സംസാരിച്ച തൃണമൂൽ എം.പി മഹുവ മൊയ്ത്ര വ്യക്തമാക്കി. ‘ഈ സർക്കാർ ആറടി താഴ്ചയിൽ കുഴിച്ചുമൂടിയ ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളായ സമത്വത്തെയും മതേതരത്വത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം. ജനാധിപത്യ ചട്ടക്കൂടിൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം. 'ഞങ്ങൾ' എന്നും 'അവർ' എന്നും വിഭജിക്കാൻ നിങ്ങളുടെ ഗവൺമെന്റ് നിർബന്ധിക്കുന്ന ഒരു സംസ്ഥാനത്ത് നാനാത്വത്തിൽ ഏക​ത്വത്തോടെ ജീവിക്കാനുള്ള ആളുകളുടെ അവകാശം പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം’ -മൊയ്ത്ര പറഞ്ഞു.

മണിപ്പൂരിൽ മൂന്ന് മാസം നീണ്ടുനിന്ന കലാപത്തിൽ 6,500 എഫ്‌.ഐ.ആറുകൾ, 4,000 വീടുകൾ നശിപ്പിക്കപ്പെട്ടു, 60,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു, 150 ആളുകൾ മരിച്ചു, 300 ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ഏതെങ്കിലും യുദ്ധകാലത്തോ പ്രകൃതി ദുരന്ത സമയത്തോ അല്ലാതെ ഏത് സംസ്ഥാനമാണ് ഇത്തര​മൊരു ദുരന്തം കണ്ടത്? മണിപ്പൂരിൽ സംസ്ഥാന പൊലീസും അസം റൈഫിൾസും തമ്മിലുള്ള പോരാട്ടം വിഡിയോയിൽ കണ്ടു. 5,000 തോക്കുകളും ആറ് ലക്ഷം വെടിയുണ്ടകളും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ആൾക്കൂട്ടം കൊള്ളയടിച്ചു. ആയുധങ്ങളുമായി രണ്ട് വംശീയ വിഭാഗങ്ങൾ സംഘടിച്ചതോടെ ഗോത്രവർഗക്കാർക്ക് താഴ്‌വരയിലും താഴ്‌വരയിലുള്ളവർക്ക് മലമുകളിലും പോകാൻ കഴിയാത്ത ബഫർ സോണായി മണിപ്പൂർ മാറി. ഏത് സംസ്ഥാനമാണ് ഇത്തരമൊരു അവസ്ഥയെ ഇതുവരെ അഭിമുഖീകരിച്ചത്?’’ -മൊയ്ത്ര ചോദിച്ചു.

Tags:    
News Summary - No-Confidence Motion defeated amid Oppn walkout; INDIA breaks PM Modi's silence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.