ന്യൂഡൽഹി: 2024 ലെ തെരഞ്ഞെടുപ്പിലും പ്രധാനപാർട്ടിയായി ജനങ്ങൾ കാണുന്നത് ബി.ജെ.പിയെ തന്നെയാണെന്നും ഈ സ്ഥാനം അവർ മറ്റാർക്കും നൽകിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അത് മറ്റൊന്നും കൊണ്ടല്ല, കേന്ദ്രസർക്കാർ മുൻകൈയെടുത്ത പദ്ധതികൾ അടിത്തട്ടിൽ ജനജീവിതത്തിൽ ഗുണകരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. രാജ്യം ഒറ്റമനസോടെ മോദിക്കൊപ്പം നീങ്ങുകയാണെന്നും അതിനാൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എതിരാളികളില്ലെന്നും അമിത്ഷാ വ്യക്തമാക്കി. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.
2024 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന എതിരാളി ആരായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്. എന്നാൽ അവർ ഒരു പാർട്ടിക്കും ഈ സ്ഥാനം നൽകിയിട്ടില്ല. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ അമിത് ഷാ പരാമർശം നടത്തി. അദ്ദേഹം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും പ്രചാരണത്തിനിറങ്ങിയില്ല. എന്നാൽ ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഒരിക്കൽ അവർ ശക്തരായിരുന്ന സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിന്റെ ശക്തി എന്താണെന്ന് മനസിലാക്കും. കൂടാതെ, ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും ബി.ജെ.പി മികച്ച പ്രകടനം നടത്തുമെന്ന് അമിത്ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ നേട്ടങ്ങൾ ലോകം അംഗീകരിക്കുന്നുണ്ട്. വളരെ കുറഞ്ഞ എട്ടുവർഷത്തിനിടെ, രാജ്യത്തെ 60 കോടി പാവപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഞങ്ങൾ പരിശ്രമിച്ചു. അതിൽ ഞങ്ങൾ വിജയിക്കുകയും ചെയ്തു. നിരവധി നേട്ടങ്ങളുണ്ട്. റെയിൽവേയിൽ വലിയ മാറ്റങൾ വരുത്തി, ബഹിരാകാശ സെക്ടറിൽ പുതിയ നയം കൊണ്ടു വന്നു, ആ മേഖലയിൽ നേതൃനിരയിലേക്ക് ഉയരാനാണ് ശ്രമം -അമിത്ഷാ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.